ഓട്ടവ : തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ്‌ബോട്ടുകൾക്ക് വോട്ടർമാരുടെ രാഷ്ട്രീയ നിലപാടുകൾ മാറ്റാൻ സാധിക്കുമെന്ന് പുതിയ പഠനം. 1,530 കനേഡിയൻ വോട്ടർമാരിൽ നടത്തിയ പരീക്ഷണത്തിൽ, അമേരിക്കക്കാരെ അപേക്ഷിച്ച് കാനഡക്കാരാണ് എഐയുടെ സ്വാധീനത്തിന് കൂടുതൽ വിധേയരായതെന്ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നു. പരമ്പരാഗത പരസ്യങ്ങളെക്കാൾ വ്യക്തിഗതമായി സംവദിക്കുന്ന എഐ ചാറ്റ്‌ബോട്ടുകൾക്ക് മൂന്നിരട്ടി സ്വാധീനശക്തിയുണ്ടെന്നും, കൃത്യമായ വിവരങ്ങൾ ഉപയോഗിക്കുമ്പോൾ ഇവ കൂടുതൽ ഫലപ്രദമാണെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗോർഡൻ പെനിക്കൂക്ക് ചൂണ്ടിക്കാട്ടി. ഇതുവഴി അമേരിക്കയിൽ 21-ൽ ഒരാൾ കമല ഹാരിസിന് അനുകൂലമായും 35-ൽ ഒരാൾ ട്രംപിന് അനുകൂലമായും മാറിയപ്പോൾ, കാനഡയിൽ മാർക്ക് കാർണിക്കായി 9-ൽ ഒരാളും പിയേർ പൊളിയേവിനായി പതിമൂന്നിൽ ഒരാളും തങ്ങളുടെ വോട്ട് മാറ്റാൻ തയ്യാറായതായാണ് കണ്ടെത്തൽ.

ഭാവി തിരഞ്ഞെടുപ്പുകളിൽ എഐ നിർണായക സ്വാധീനം ചെലുത്തുമെന്നതിനാൽ ഇതിന് നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാഷ്ട്രീയ പാർട്ടികളുടെ കൈവശമുള്ള വോട്ടർമാരുടെ ഡാറ്റയും എഐ സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നത് സ്വകാര്യതയെയും ജനാധിപത്യത്തെയും ബാധിക്കുമെന്ന് കോൺകോർഡിയ സർവകലാശാലയിലെ ഫെൻവിക് മക്കെൽവി അഭിപ്രായപ്പെട്ടു. നിലവിൽ കാനഡയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐ ഉപയോഗിക്കുന്നതിന് കാര്യമായ നിയന്ത്രണങ്ങളില്ലെങ്കിലും, എഐ നിർമ്മിത സന്ദേശങ്ങളിൽ അത് വ്യക്തമാക്കുന്ന മുന്നറിയിപ്പുകൾ നൽകണമെന്നും ഔദ്യോഗിക വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. എഐ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ നിയമപരമായ നടപടികൾ ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
