ടൊറൻ്റോ : ഒന്റാരിയോയിലെ വിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന സെൽഫോൺ നിയന്ത്രണങ്ങൾ പ്രായോഗികമായി ഫലപ്രദമല്ലെന്ന് സ്ക്രീൻ ടൈം വിദഗ്ധയും ‘ചൈൽഡ് ഹുഡ് അൺപ്ലഗ്ഗ്ഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ കാതറിൻ മാർട്ടിൻകോ അഭിപ്രായപ്പെട്ടു. അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ നൽകിയ അഭിമുഖത്തിലാണ് നിലവിൽ നിയമങ്ങൾ അപര്യാപതമാണെന്ന് അവർ വ്യക്തമാക്കിയത്.
നിലവിലെ നിയമപ്രകാരം കിന്റർഗാർട്ടൻ മുതൽ ആറാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഫോണുകൾ നിശബ്‌ദമാക്കി വെക്കണമെന്നാണ് വ്യവസ്ഥ. ഏഴ് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ കുട്ടികൾ അധ്യാപകരുടെ പ്രത്യേക അനുമതിയോടെയല്ലാതെ ഫോൺ ഉപയോഗിക്കാൻ പാടില്ല. എന്നാൽ വിദ്യാർത്ഥികൾ തങ്ങളുടെ പക്കൽ തന്നെ ഫോണുകൾ സൂക്ഷിക്കാൻ അനുവദിക്കുന്നതിനെ ‘നിരോധനം’ എന്ന് വിളിക്കാനാകില്ലെന്ന് മാർട്ടിൻകോ പറഞ്ഞു.

ക്ലാസ് മുറികളിൽ ഇപ്പോഴും കുട്ടികൾ വ്യാപകമായി സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് അധ്യാപകരും വിദ്യാർത്ഥികളും പറഞ്ഞതായി കാതറിൻ മാർട്ടിൻകോ വ്യക്തമാക്കി. ക്ലാസ് സമയങ്ങളിൽ ശുചിമുറിയിൽ പോകുന്നതിനായി പുറത്തിറങ്ങുന്ന കുട്ടികൾ ദീർഘനേരം ഫോണുകളിൽ ചെലവഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത്തരം ലംഘനങ്ങൾ കാരണം നിലവിലെ നിയമം അപ്രസക്തമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഒരു വർഷത്തിലേറെയായി നിലനിൽക്കുന്ന ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. കുട്ടികൾ ഫോണുകൾ കൈവശം വെക്കുന്നത് തടയാത്ത കാലത്തോളം നിയമം ഫലപ്രദമാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാതറിൻ മാർട്ടിൻകോ തന്റെ നിഗമനങ്ങൾ അവതരിപ്പിച്ചത്.
