ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ഓൺലൈൻ വീസ അപ്ലിക്കേഷൻ സംവിധാനവുമായി ചൈന. വീസ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് ചൈന പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. പുതിയ സംവിധാനം ഡിസംബർ 20 മുതൽ നിലവിൽ വന്നു.പുതിയ സംവിധാന പ്രകാരം അപേക്ഷകർ ഓൺലൈനായി ചൈനീസ് വീസക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ രേഖകളും ഓൺലൈനായി നൽകണം. പുതിയ സംവിധാനത്തിലൂടെ വീസ ലഭിക്കുന്നതിനുള്ള കാലാവധി കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ് അധികൃതർ അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിനൊപ്പം ഡൽഹിയിലെ ചൈനീസ് വീസ സെന്റർ അപേക്ഷകരുടെ സഹായത്തിനായി ഉണ്ടാകും.

തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് മൂന്ന് വരെ സെന്റർ പ്രവർത്തിക്കും. ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപമാണ് സെന്റർ പ്രവർത്തിക്കുക. ഓൺലൈ വീസ അപേക്ഷയുമായി ബന്ധപ്പെട്ട് ചില നിർണായക നിർദേശങ്ങൾ ചൈനീസ് വീസ സെന്ററും പുറപ്പെടുവിച്ചിട്ടുണ്ട്. വീസ അപേക്ഷ സമർപ്പിക്കുന്നതിന് മുന്നോടിയായി അപേക്ഷകൻ നിർബന്ധമായും വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യണമെന്നാണ് പുറപ്പെടുവിച്ചിരിക്കുന്ന നിർദേശം.
ലോഗ് ഇൻ ചെയ്ത് അപേക്ഷ പൂരിപ്പിച്ചതിന് ശേഷം ആവശ്യമായ രേഖകളും സബ്മിറ്റ് ചെയ്ത് വീസക്ക് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാം. ഇതിന് ശേഷം വീസ അപേക്ഷയുടെ ഓൺലൈൻ റിവ്യു പൂർത്തിയായാൽ കൺഫർമേഷൻ ഇമെയിൽ വരും. ഇതിന് ശേഷം പാസ്പോർട്ട് വീസ അപ്ലിക്കേഷൻ സെന്ററിൽ സമർപ്പിക്കണം. ഈ വർഷം നവംബർ മുതലാണ് ചൈനീസ് പൗരൻമാർക്ക് ഇന്ത്യ വീസ അനുവദിച്ച് തുടങ്ങിയത്.
