ഹാലിഫാക്സ് : ശക്തമായ കാറ്റിനെ തുടർന്ന് മാരിടൈംസ് പ്രവിശ്യകളിൽ ഞായറാഴ്ചയും ആയിരങ്ങൾ ഇരുട്ടിൽ തന്നെ. നോവസ്കോഷയിൽ 2,645 എൻഎസ് പവർ ഉപയോക്താക്കൾ വൈദ്യുതി തടസ്സം നേരിടുന്നു. ന്യൂബ്രൺസ്വിക്കിൽ 2,058 എൻബി പവർ ഉപയോക്താക്കൾക്കും പ്രിൻസ് എഡ്വേഡ് ഐലൻഡിൽ 275 ഉപയോക്താക്കൾക്കും വൈദ്യുതിയില്ല എന്ന് മാരിടൈംസ് ഇലക്ട്രിക് റിപ്പോർട്ട് ചെയ്തു.

വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി അറുനൂറിലധികം ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് എൻബി പവർ വക്താവ് എലിസബത്ത് ഫ്രേസർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ എല്ലാവർക്കും വൈദ്യുതി എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ സൂചിപ്പിച്ചു. പൊട്ടിവീണ വൈദ്യുതി ലൈനുകൾ, ട്രാൻസ്ഫോർമറുകൾ, മരങ്ങൾ തുടങ്ങിയവയിൽ നിന്നും സുരക്ഷിത അകലം പാലിക്കണമെന്നും എലിസബത്ത് ഫ്രേസർ അഭ്യർത്ഥിച്ചു.
