ഓട്ടവ: ഇ.കോളി അണുബാധയെ തുടർന്ന് പിൽസ്ബറി ബ്രാൻഡിന്റെ പിസ്സ പോപ്സ് ലഘുഭക്ഷണങ്ങൾ തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). 2026 ജൂൺ 9,10 തീയതികളിൽ പായ്ക്ക് ചെയ്ത 760 ഗ്രാം, 2.85 കിലോഗ്രാം പാക്കറ്റുകളിൽ വിൽക്കുന്ന പിസ്സ പോപ്സ് പെപ്പറോണി, ബേക്കൺ പിസ്സ, മൂന്ന് കിലോഗ്രാം ബോക്സുകളിലായി വിൽക്കുന്ന സുപ്രീമോ എക്സ്ട്രീം പെപ്പറോണി, ബേക്കൺ സ്നാക്സ്,380 ഗ്രാം പാക്കേജുകളിലായി വിൽക്കുന്ന റെഡ്ഹോട്ട് പെപ്പറോണി, ബേക്കൺ എന്നിവയാണ് ബാധിച്ച ഉൽപ്പന്നങ്ങൾ.

ഫ്രോസൺ ലഘുഭക്ഷണങ്ങളിൽ ഗുരുതരമായ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയയായ ഇ. കോളി O26 പിസ്സ പോപ്സിൽ അടങ്ങിയിരിക്കാമെന്ന് ഫെഡറൽ ഏജൻസി പറയുന്നു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകണമെന്നും ഏജൻസി നിർദ്ദേശിച്ചു. ഇ.കോളി ബാക്ടീരിയ കലർന്ന ഭക്ഷണം കേടായി കാണപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ചെയ്യില്ല. പക്ഷേ ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്ക് കാരണമാകും. ലക്ഷണങ്ങളിൽ ഓക്കാനം, ഛർദ്ദി, നേരിയതോ കഠിനമായതോ ആയ വയറുവേദന, വെള്ളമുള്ളത് മുതൽ രക്തം കലർന്ന വയറിളക്കം എന്നിവ ഉൾപ്പെടാം.
