ഓട്ടവ : കാനഡ റവന്യൂ ഏജൻസിയെ (സിആർഎ) കബളിപ്പിച്ച് അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങൾ കോടിക്കണക്കിന് ഡോളർ തട്ടിയെടുത്ത പശ്ചാത്തലത്തിൽ, ഫെഡറൽ ബജറ്റിൽ പുതിയ നിയമപരിഷ്കാരത്തിന് നിർദ്ദേശം. ‘കറൗസൽ സ്കീം’ എന്നറിയപ്പെടുന്ന സങ്കീർണ്ണമായ നികുതി തട്ടിപ്പ് തടയാൻ ‘റിവേഴ്സ് ചാർജ് മെക്കാനിസം’ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. വ്യാജ കമ്പനികളുടെ ശൃംഖലയുണ്ടാക്കി സാധനങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് കാണിക്കുകയും, യഥാർത്ഥത്തിൽ നികുതി അടയ്ക്കാതെ തന്നെ സർക്കാരിൽ നിന്ന് ജിഎസ്ടി/എച്ച്എസ്ടി റീഫണ്ടുകൾ കൈക്കലാക്കുകയും ചെയ്യുന്ന രീതിയാണിത്. 2017 മുതൽ 2023 വരെയുള്ള കാലയളവിൽ 110 കോടി ഡോളറോളം ഇത്തരത്തിൽ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്.

ടെലികമ്മ്യൂണിക്കേഷൻ മേഖലയിലാണ് നിലവിൽ ഈ പുതിയ നിയമം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. നികുതി അടയ്ക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നതിലൂടെ തട്ടിപ്പുകാർക്ക് വ്യാജ റീഫണ്ടുകൾ ക്ലെയിം ചെയ്യുന്നത് തടയാൻ സാധിക്കും. പത്ത് വർഷത്തിലേറെയായി ഈ തട്ടിപ്പിനെക്കുറിച്ച് സിആർഎയ്ക്ക് അറിവുണ്ടായിരുന്നിട്ടും നിയമം നടപ്പിലാക്കാൻ വൈകിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ വർഷങ്ങൾക്ക് മുൻപേ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചിരുന്നു. പുതിയ നിയമം വരുന്ന നാല് വർഷത്തിനുള്ളിൽ 9 കോടി ഡോളറിന്റെ അധിക വരുമാനം സർക്കാരിന് നൽകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ടെലികമ്മ്യൂണിക്കേഷൻ അല്ലാതെ തട്ടിപ്പിന് സാധ്യതയുള്ള മറ്റ് മേഖലകളിലും നിയന്ത്രണം വേണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
