ഹാലിഫാക്സ്: നോവസ്കോഷയിൽ ഈ വർഷം ക്രിസ്മസ് മരങ്ങളുടെ വിൽപ്പനയിൽ വലിയ വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ക്രിസ്മസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹാലിഫാക്സിലെ മിക്ക വിപണന കേന്ദ്രങ്ങളിലും മരങ്ങൾ ഇതിനോടകം വിറ്റുതീർന്നതായും ബാക്കിയുള്ളവ അവസാന ഘട്ടത്തിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻവർഷത്തെ അപേക്ഷിച്ച് പ്രാദേശിക വിപണിയിൽ 10 ശതമാനത്തിലധികം വർധന ഉണ്ടായതായി ക്രിസ്മസ് ട്രീ കൗൺസിൽ ഓഫ് നോവസ്കോഷ പ്രസിഡന്റ് മൈക്ക് ഹാർലോ അറിയിച്ചു.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം കണ്ടെത്തുന്നതിന് സെന്റ് മേരീസ് യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാർത്ഥികൾ ആരംഭിച്ച ‘ക്ലാസിക് ക്രിസ്മസ് ട്രീസ് ഹാലിഫാക്സ്’ എന്ന സംരംഭം ഇത്തവണ വലിയ നേട്ടമുണ്ടാക്കി. വില്യം റോബിഷോഡ്, ഡാനിയൽ ബാർ എന്നിവർ ചേർന്ന് നടത്തുന്ന ഈ സ്ഥാപനം കഴിഞ്ഞ വർഷം 75 മരങ്ങൾ വിറ്റ സ്ഥാനത്ത് ഇത്തവണ 350 എണ്ണമാണ് വിറ്റഴിച്ചത്. ചെറുതിന് 50 ഡോളറും വലുതിന് 70 ഡോളറുമാണ് ഇവർ ഈടാക്കുന്നത്. ലാഭത്തിന്റെ ഒരു വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകുന്നതായും ഇവർ വ്യക്തമാക്കി.

കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരങ്ങൾ ലഭ്യമാകുന്നത് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.പ്രാദേശിക വിപണിയിൽ മുന്നേറ്റമുണ്ടായെങ്കിലും അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണിയിൽ ആവശ്യക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് വിപണിയിലെ സാമ്പത്തിക അനിശ്ചിതത്വം കാരണം ചില വൻകിട സ്റ്റോറുകളിൽ മരങ്ങളുടെ ഓർഡറിൽ 40 ശതമാനം വരെ ഇടിവുണ്ടായതായി മൈക്ക് ഹാർലോ ചൂണ്ടിക്കാട്ടി. ഇത് നോവസ്കോഷയിലെ മൊത്തം ഉൽപ്പാദനത്തെ ബാധിക്കുന്ന ഗൗരവകരമായ സാഹചര്യമാണെന്നും അദ്ദേഹം വിലയിരുത്തി.
പ്രവിശ്യയിൽ വർഷം തോറും വെട്ടിമാറ്റുന്ന എട്ട് മുതൽ ഒമ്പത് ലക്ഷം വരെ മരങ്ങളിൽ 80 ശതമാനവും അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അമേരിക്കൻ വിപണിയിലെ തളർച്ച കണക്കിലെടുത്ത് ഏഷ്യൻ രാജ്യങ്ങൾ, തെക്കേ അമേരിക്ക, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കാൻ കർഷകർ ശ്രമം തുടങ്ങിയതായി കൗൺസിൽ അറിയിച്ചു. പുതിയ വിപണികൾ കണ്ടെത്തുന്നതിലൂടെ കയറ്റുമതി രംഗത്തെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
