വിനിപെഗ് : സിയോ സിലിക്ക കമ്പനിക്ക് ഖനനാനുമതി നൽകാൻ നടത്തിയ മുൻ സർക്കാരിന്റെ ഇടപെടലുകളെക്കുറിച്ച് പൊതുഅന്വേഷണം ആരംഭിക്കുമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. 2023-ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതിനിടയിലുള്ള രണ്ടാഴ്ചത്തെ കാലയളവിൽ, മുൻ പ്രോഗ്രസീവ് കൺസർവേറ്റീവ് (പിസി) പ്രീമിയർ ഹീതർ സ്റ്റെഫാൻസണും രണ്ട് മന്ത്രിമാരും ചേർന്ന് കമ്പനിക്ക് മൈനിങ് ലൈസൻസ് നൽകാൻ നിയമവിരുദ്ധമായി സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം. ഈ നടപടി നിയമവിരുദ്ധമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും, ഇത്തരമൊരു നീക്കത്തിന് പിന്നിലെ യഥാർത്ഥ പ്രേരണയും സാമ്പത്തിക താൽപ്പര്യങ്ങളും കണ്ടെത്തുകയാണ് പുതിയ അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് പ്രീമിയർ വ്യക്തമാക്കി. ലോബിയിങ് നിയമങ്ങൾ കൂടുതൽ ശക്തമാക്കാനും ഈ അന്വേഷണം സഹായിക്കുമെന്ന് വാബ് കിന്യൂ പറഞ്ഞു.

അന്വേഷണം പൂർത്തിയാകാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ എടുത്തേക്കാം. ഭരണപരമായ മറ്റ് കാര്യങ്ങളിൽ, ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനും പലചരക്ക് സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനുമാകും മുൻഗണനയെന്നും, 2026-ൽ നേരത്തെയുള്ള ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.
എന്നാൽ, ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. സിയോ സിലിക്കയുടെ ലൈസൻസ് അപേക്ഷ രണ്ടാമതും സർക്കാരിന് മുന്നിലെത്തിയ സാഹചര്യത്തിൽ, ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള നീക്കമായും ഈ അന്വേഷണം വിലയിരുത്തപ്പെടുന്നുണ്ട്.
