ടോക്യോ:ജപ്പാനിൽ ആണവ ദുരന്തത്തെ തുടർന്ന് പ്രവർത്തനം നിർത്തി വെച്ച ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം പുനരാരംഭിക്കാൻ അധികൃതരുടെ അനുമതി. ഫുകുഷിമ ആണവ ദുരന്തം നടന്ന് 15 വർഷം പിന്നിടുമ്പോഴാണ് നടപടി. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഊർജ സ്രോതസ്സ് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് നിർണായക തീരുമാനം. പ്രദേശവാസികളുടെ എതിർപ്പുകൾക്കിടയിലും പ്ലാന്‍റ് പ്രവർത്തിപ്പിക്കാൻ ടോക്യോ ഇലക്ട്രിക് കമ്പനിക്ക് അനുമതി നൽകുന്ന ബില്ലിന് അസംബ്ലി അംഗീകാരം നൽകുകയായിരുന്നു.
ജനുവരി ഇരുപതോടെ 6ാം നമ്പർ റിയാക്ടറിന്‍റെ പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2011ൽ റിക്ടർ സ്കെയിലിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂമി കുലുക്കവും സുനാമിയും ഫുകുഷിമയെ പിടിച്ചു കുലുക്കിയ ശേഷം ആണവോർജ മേഖലയെ അതീവ ജാഗ്രതയോടെയാണ് ജപ്പാൻ നോക്കി കാണുന്നത്. 1986ലെ ചെർണോബില്ലിനു ശേഷം ലോകത്ത് നടന്ന ഏറ്റവും വലിയ അപകടമായിരുന്നു ഇത്.

2011ലെ ആണവ ദുരന്തത്തെ തുടർന്ന് രാജ്യത്തെ 54 ന്യൂക്ലിയർ പവർ പ്ലാന്‍റുകൾ രാജ്യം പൂട്ടിയിരുന്നു. ലോക ആണവ അസോസിയോഷന്‍റെ കണക്കനുസരിച്ച് ഇതിനോടകം 14 ആണവ റിയാക്ടറുകളുടെ പ്രവർത്തനം ജപ്പാൻ ആരംഭിച്ചു കഴിഞ്ഞു. ടെപ്കോ കമ്പനിയുടെ കീഴിൽ നിഗാത പ്ലാന്‍റാകും ആദ്യം പുനരാരംഭിക്കുക. മുൻകാല ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ തങ്ങൾ ശ്രമിക്കുമെന്നും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു. റിയാക്ടറിന് സുനാമി, ഭൂമികുലുക്കം തുടങ്ങിയവയിൽ നിന്ന് സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് പുതിയ സീവാളും വാട്ടർ ടൈറ്റ് ഡോറും നൽകുമെന്നും കമ്പനി അറിയിച്ചു.
