ധാക്ക: യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം കടുത്ത പ്രതിസന്ധിയിലേക്ക്. ഇതിന്റെ ഭാഗമായി ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ വീസ, കോൺസുലർ സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഷെയ്ഖ് ഹസീന വിരുദ്ധ പ്രക്ഷോഭത്തിലെ പ്രധാനിയായിരുന്ന ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിലുണ്ടായ അക്രമസംഭവങ്ങളാണ് സ്ഥിതിഗതികൾ വഷളാക്കിയത്.

ബംഗ്ലാദേശിലെ ചാറ്റോഗ്രാമിലുള്ള ഇന്ത്യൻ വീസ ആപ്ലിക്കേഷൻ സെന്ററിലെ (IVAC) പ്രവർത്തനങ്ങൾ ഞായറാഴ്ച ഇന്ത്യയും നിർത്തിവെച്ചിരുന്നു. ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയതും രാജ്ഷാഹിയിലെ വീസ കേന്ദ്രത്തിന് നേരെയുണ്ടായ ഭീഷണികളുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് 2025 ഡിസംബർ 21 മുതലാണ് ഇന്ത്യൻ വീസ പ്രവർത്തനങ്ങൾ നിർത്തിയത്. രാഷ്ട്രീയ മാറ്റങ്ങളും ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ വർധിച്ചുവരുന്ന സ്വാധീനവും ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് ശശി തരൂർ അധ്യക്ഷനായ കമ്മിറ്റി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
