ഓട്ടവ: കാനഡയിലെ കുപ്രസിദ്ധ സീരിയൽ കില്ലർ അലൻ ലെഗെറെയുടെ പരോൾ വീണ്ടും തള്ളി കോടതി. 1980-കളിൽ അഞ്ച് കൊലപാതകങ്ങൾ നടത്തിയ 77-കാരനായ ലെഗെറെ ഇപ്പോഴും സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് പരോൾ ബോർഡ് വിലയിരുത്തി. ഇയാൾക്ക് മോചനം നൽകുന്നത് നിയമവാഴ്ചയ്ക്ക് ഗുണകരമാകില്ലെന്നും ബോർഡ് വ്യക്തമാക്കി.
‘മിറാമിച്ചിയിലെ രാക്ഷസൻ’ എന്നറിയപ്പെടുന്ന ലെഗെറെ, 1989-ൽ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്. സ്വന്തമായി നിർമ്മിച്ച താക്കോൽ ഉപയോഗിച്ച് കൈവിലങ്ങുകൾ അഴിച്ചുമാറ്റിയ ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളയുകയായിരുന്നു.

ഒളിവിൽ കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് സ്ത്രീകളെയും ഒരു പുരോഹിതനെയും ഇയാൾ ക്രൂരമായി കൊലപ്പെടുത്തി. പിന്നീട് 1989 നവംബറിൽ പിടിയിലായ ലെഗെറിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ജയിലിലെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചുവെങ്കിലും ലെഗെറെയുടെ സ്വഭാവത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
