ഓട്ടവ: കാനഡയിലെ കുട്ടികളുടെ ക്ഷേമത്തിനായുള്ള നിയമങ്ങൾ പരിഷ്കാരിക്കാൻ പുതിയ പദ്ധതികൾ അവതരിപ്പിച്ച് ഫെഡറൽ സർക്കാരും ഫസ്റ്റ് നേഷനും. ഏതാണ്ട് 20 വർഷമായി തുടരുന്ന നീണ്ട നിയമപോരാട്ടത്തിലെ പ്രധാന ചുവടുവെപ്പാണിത്. ഹ്യൂമൻ റൈറ്റ്സ് ട്രൈബ്യൂണലിന് മുന്നിലാണ് ഇരുവിഭാഗവും വെവ്വേറെ പദ്ധതികൾ സമർപ്പിച്ചത്.
ശിശുക്ഷേമ പദ്ധതികൾക്ക് മതിയായ ഫണ്ട് നൽകാതെ സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് 2016-ൽ ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് കോടതി ഉത്തരവിട്ടത്. കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കാണിച്ച് 2007 മുതലാണ് ഈ നിയമയുദ്ധം ആരംഭിച്ചത്.

നേരത്തെ സർക്കാർ മുന്നോട്ടുവെച്ച 4780 കോടി ഡോളറിന്റെ ധനസഹായ പദ്ധതി ഫസ്റ്റ് നേഷൻ നിരസിച്ചിരുന്നു. കുട്ടികളുടെ സംരക്ഷണത്തിന് ഈ തുക മതിയാകില്ലെന്നായിരുന്നു അവരുടെ നിലപാട്. ഇപ്പോൾ ഓരോ പ്രദേശത്തെയും പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് പുതിയ കരാറുകളിലൂടെ പ്രശ്നപരിഹാരം കാണാനാണ് സർക്കാറിന്റെ ശ്രമം.
