തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. അന്താരാഷ്ട്ര വിപണിയില്‍ വില റെക്കോഡ് ഉയരത്തിലെത്തിയതിനെത്തുടര്ന്ന് കേരളത്തിൽ ഒരു പവന് സ്വര്‍ണത്തിന് 1,01,600 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 220 രൂപ കൂടി 12,700 രൂപയിലെത്തി. 18 കാരറ്റ്, 14 കാരറ്റ് സ്വര്‍ണവിലയിലും ആനുപാതികമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗോള വിപണിയിൽ സ്വര്‍ണം ഔണ്‍സിന് 4,497 ഡോളര്‍ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധം, യുഎസ്-വെനസ്വേല തർക്കം തുടങ്ങിയ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കില്‍ വരുത്തിയ കുറവുമാണ് വില ഉയരാൻ പ്രധാന കാരണമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് വരും ദിവസങ്ങളിലും വില ഉയരാൻ കാരണമായേക്കും.

ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്ക് ചാർജും ഉൾപ്പെടെ ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ ചുരുങ്ങിയത് 1,10,035 രൂപയെങ്കിലും ചെലവാകും. ആഭരണങ്ങളുടെ ഡിസൈനിലെ സങ്കീര്‍ണ്ണത അനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരുമെന്നതിനാൽ ആഭരണത്തിന്റെ അന്തിമ വിലയിലും വ്യത്യാസമുണ്ടാകാം.
