മൺട്രിയോൾ : കെബെക്കിലെ ഏറ്റവും മോശം തൊഴിലുടമകളുടെ വാർഷിക പട്ടികയിൽ പ്രമുഖ റീട്ടെയിൽ ഭീമനായ ആമസോൺ ഒന്നാമതെത്തി. കെബെക്കിലെ ഏഴ് വെയർഹൗസുകൾ പെട്ടെന്ന് അടച്ചുപൂട്ടുകയും 4,500 പേർക്ക് ജോലി നഷ്ടമാക്കുകയും ചെയ്ത നടപടിയാണ് ആമസോണിനെ കോൺഫെഡറേഷൻ ഡെസ് സിൻഡിക്കേറ്റ്സ് നാഷണലക്സിന്റെ (സിഎസ്‌എൻ) ‘മോശം’ പട്ടികയിൽ എത്തിച്ചത്. ലാവലിലെ വെയർഹൗസിൽ തൊഴിലാളികൾ യൂണിയൻ രൂപീകരിച്ചതിലുള്ള പ്രതികാര നടപടിയായാണ് ഈ അടച്ചുപൂട്ടൽ എന്ന് ട്രേഡ് യൂണിയനുകൾ ആരോപിക്കുന്നു. വൻ ലാഭമുണ്ടാക്കുന്ന കമ്പനിയായിട്ടും തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാൻ ആമസോൺ തയ്യാറാകുന്നില്ലെന്നും അധികൃതർ കുറ്റപ്പെടുത്തി. ലാഭമുണ്ടാക്കുന്ന വലിയ ബിസിനസ് സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് മാന്യമായ ജീവിതസാഹചര്യം ഒരുക്കുന്നതിൽ പരാജയപ്പെടുകയാണെന്ന് യൂണിയൻ പ്രസിഡന്റ് കരോളിൻ സെനെവിൽ വ്യക്തമാക്കി.

ആമസോണിന് പുറമെ ബെറ്റൺ പ്രൊവിൻഷ്യൽ, റെനോ-ബ്രേ ബുക്ക്സ്റ്റോർ, എസ്ടിഎം ട്രാൻസ്പോർട്ട് ഏജൻസി എന്നിവയും സിഎസ്‌എൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നതിനാലും തൊഴിലാളി വിരുദ്ധ നിയമങ്ങൾ കൊണ്ടുവരുന്നതിനിനാലും കെബെക്ക് സർക്കാരിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
