ഷാർലെറ്റ്ടൗൺ : ശൈത്യകാലത്തെ പ്രവിശ്യാ വ്യാപകമായ വൈദ്യുതി തടസ്സം ഒഴിവാക്കാൻ പദ്ധതിയുമായി പ്രിൻസ് എഡ്വേർഡ് ഐലൻഡ് (പിഇഎ). ‘റൊട്ടേറ്റിങ് പവർ ഔട്ടേജ്’ നടപ്പിലാക്കാനുള്ള പദ്ധതി മാരിടൈം ഇലക്ട്രിക്, ഐലൻഡ് റെഗുലേറ്ററി ആൻഡ് അപ്പീൽ കമ്മീഷന് (IRAC) സമർപ്പിച്ചു. കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് കമ്പനി പദ്ധതി കൈമാറിയത്. വർധിച്ചുവരുന്ന ജനസംഖ്യയും ഹീറ്റിങ് സംവിധാനങ്ങൾ പൂർണ്ണമായും വൈദ്യുതിയിലേക്ക് മാറിയതും പവർ ഗ്രിഡിന് താങ്ങാവുന്നതിലപ്പുറം സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കമ്പനി സിഇഒ ജേസൺ റോബർട്ട്സ് വ്യക്തമാക്കി.

വൈദ്യുതി വിതരണം നിയന്ത്രിക്കേണ്ടി വന്നാൽ ഉപഭോക്താക്കളെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ എന്നിവ വഴി മുൻകൂട്ടി അറിയിക്കുമെന്നും സാധാരണ ഗതിയിൽ ഒന്നോ രണ്ടോ മണിക്കൂർ മുൻപ് അറിയിപ്പ് നൽകാൻ ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ഈ മുന്നറിയിപ്പ് കേവലം മിനിറ്റുകൾക്ക് മുൻപ് മാത്രമായിരിക്കും ലഭിക്കുക. ഐലൻഡിലെ വൈദ്യുതി വിതരണ ശേഷി വർധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നിലവിലെ സാഹചര്യം ഒഴിവാക്കാൻ ജനങ്ങൾ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
