എഡ്മിന്‍റൻ : നഗരത്തിലെ പാർക്കിങ് നിരോധന ലംഘനത്തിന് 113 വാഹന ഉടമകളിൽ നിന്നും പിഴ ഈടാക്കിയതായി എഡ്മിന്‍റൻ സിറ്റി. കൂടാതെ 12 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് ഏർപ്പെടുത്തിയ നഗരത്തിൽ ഏർപ്പെടുത്തിയ ഒന്നാം ഘട്ട പാർക്കിങ് നിരോധനം തിങ്കളാഴ്ച രാവിലെ 7 മണിക്ക് അവസാനിച്ചു. ആർട്ടിയേരിയൽ റോഡുകൾ, കളക്ടർ റോഡുകൾ, ബസ് റൂട്ടുകൾ, ബിസിനസ് ഇംപ്രൂവ്മെൻ്റ് ഏരിയകൾക്കുള്ളിലെ റോഡുകൾ എന്നിവയിൽ അടിഞ്ഞുകൂടിയ മഞ്ഞും ഐസും ജീവനക്കാർക്ക് നീക്കം ചെയ്യുന്നതിനായാണ് പാർക്കിങ് നിരോധനം നടപ്പിലാക്കിയത്. റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ റോഡുകൾക്കുള്ള രണ്ടാം ഘട്ട പാർക്കിങ് നിരോധനം പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം എഡ്മിന്‍റനിലുടനീളമുള്ള സ്കൂൾ സോണുകളിലെ റോഡുകളുടെയും പാതകളുടെയും അറ്റകുറ്റപ്പണികൾ നഗര ജീവനക്കാർ തുടരുമെന്ന് സിറ്റി വക്താവ് അറിയിച്ചു. ജോലി പുരോഗമിക്കുമ്പോൾ ആ സോണുകളിലെ സ്ട്രീറ്റുകളിൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളിൽ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂൾ സോൺ ക്ലിയറിങ് പൂർത്തിയായ ശേഷം പാർക്കിങ് പുനരാരംഭിക്കും. ഡിസംബർ 22-ന് ആരംഭിച്ച സ്കൂൾ സോൺ ക്ലിയറിങ് ജനുവരി 4 വരെ ദിവസവും തുടരും. ശൈത്യകാലത്ത് റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട പരാതികൾ 311 എന്ന നമ്പറിൽ അറിയിക്കണമെന്ന് സിറ്റി അധികൃതർ അഭ്യർത്ഥിച്ചു.
