റെജൈന : പുതുവർഷത്തിലേക്കുള്ള പിഎൻപി നോമിനേഷൻ ക്വാട്ട പ്രഖ്യാപിച്ച് സസ്കാച്വാൻ. ഇതോടൊപ്പം 2026-ലേക്കുള്ള കുടിയേറ്റ പദ്ധതികളും സസ്കാച്വാൻ ഇമിഗ്രേഷൻ വകുപ്പ് റിപ്പോർട്ട് ചെയ്തു. പ്രവിശ്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി വിദഗ്ധ തൊഴിലാളികൾക്ക് കൂടുതൽ മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.

2026-ൽ ആകെ 4,761 നോമിനേഷൻ വിഹിതമാണ് സസ്കാച്വാൻ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിന് അനുവദിച്ചിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും ആരോഗ്യ, കൃഷി, നിർമ്മാണം, സാങ്കേതിക വിദ്യ, ഊർജ്ജം തുടങ്ങിയ മേഖലകൾക്കായി നീക്കിവെച്ചിരിക്കുന്നു. അതേസമയം, അക്കൗമഡേഷൻ, ഫുഡ് സർവീസ്, ട്രാക്കിങ്, റീട്ടെയിൽ ട്രേഡ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് അവരുടെ വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കാൻ ആറ് മാസമോ അതിൽ കുറവോ ഉള്ളപ്പോൾ മാത്രമേ ഇനി അപേക്ഷിക്കാൻ സാധിക്കൂ. ഇവർക്കായി വർഷത്തിൽ പ്രത്യേക അപേക്ഷാ സമയങ്ങളും പ്രവിശ്യ നിശ്ചയിച്ചിട്ടുണ്ട്. സസ്കാച്വാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയവർക്കായി 750 ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ടെങ്കിലും, മറ്റ് പ്രവിശ്യകളിൽ നിന്ന് പഠനം കഴിഞ്ഞ് പ്രവിശ്യയിൽ ജോലിക്കെത്തുന്നവർക്ക് ‘സസ്കാച്വാൻ എക്സ്പീരിയൻസ്’ വിഭാഗത്തിലൂടെ ഇനി അപേക്ഷിക്കാനാവില്ല. ഇവർക്ക് ഇനി ഹെൽത്ത് കെയർ അല്ലെങ്കിൽ ടെക് പോലുള്ള പ്രത്യേക വിഭാഗങ്ങൾ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
