ഓട്ടവ: എല്ലാ പ്രവിശ്യകളിലും ടെറിട്ടറികളിലും ക്രിസ്മസ് (ഡിസംബർ 25), പുതുവത്സര ദിവസങ്ങൾ (ജനുവരി 1) പൊതു അവധിദിനങ്ങളാണ്. ഈ ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള ഭൂരിഭാഗം കടകളും വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ബോക്സിങ് ഡേയിലെ (ഡിസംബർ 26) ക്രമീകരണങ്ങൾ ഓരോ പ്രവിശ്യയിലെയും പ്രാദേശിക നിയമങ്ങൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കും.
ഷോപ്പിങ് മാളുകളും വലിയ സ്റ്റോറുകളും ക്രിസ്മസിനും പുതുവത്സരദിനത്തിലും അടഞ്ഞുകിടക്കുമെങ്കിലും ബോക്സിങ് ഡേയിൽ മിക്കയിടങ്ങളിലും പ്രത്യേക വിൽപനകൾക്കായി തുറന്നുപ്രവർത്തിക്കും.എന്നാൽ അറ്റ്ലാന്റിക് പ്രവിശ്യകളായ പി.ഇ.ഐ, ന്യൂബ്രൺസ്വിക്ക്, നോവസ്കോഷ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നിവിടങ്ങളിൽ ബോക്സിങ് ഡേയിലും ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഒന്റാരിയോയിൽ ബോക്സിങ് ഡേ പൊതുഅവധിയായതിനാൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒന്നര മടങ്ങ് വേതനത്തിന് അർഹതയുണ്ടായിരിക്കും.

ബാറുകൽ ക്രിസ്മസ്, പുതുവത്സര ദിനങ്ങളിൽ പൊതുവെ പ്രവർത്തിക്കില്ലെങ്കിലും റസ്റ്ററന്റുകൾക്കും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾക്കും ഇത് ബാധകമായേക്കില്ല. അതേസമയം, സിനിമാ തിയേറ്ററുകൾ, സ്കീ റിസോർട്ടുകൾ, സ്കേറ്റിങ് റിങ്കുകൾ എന്നിവ മിക്കയിടങ്ങളിലും അവധിദിനങ്ങളിലും തുറന്നുപ്രവർത്തിക്കും. സി.എൻ ടവർ, വൻകൂവർ അക്വേറിയം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിമിതമായ സമയക്രമത്തിൽ പ്രവർത്തിക്കുമെന്ന് അറിയിപ്പുണ്ട്.
ബാങ്കുകൾ, കാനഡ പോസ്റ്റ്, പാസ്പോർട്ട് ഓഫീസുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ മൂന്ന് അവധിദിനങ്ങളിലും പൂർണ്ണമായും അടഞ്ഞുകിടക്കും. എന്നാൽ എ.ടി.എം സേവനങ്ങളും ഓൺലൈൻ ബാങ്കിങ്ങും ലഭ്യമായിരിക്കും. സ്കൂളുകൾക്ക് ക്രിസ്മസിന് മുൻപുള്ള തിങ്കളാഴ്ച മുതൽ പുതുവത്സരത്തിന് ശേഷമുള്ള വെള്ളിയാഴ്ച വരെ രണ്ടാഴ്ചത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശത്തുള്ള കാനഡക്കാർക്ക് എമർജൻസി കോൺസുലർ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമായിരിക്കും.
പൊതുഗതാഗത സംവിധാനങ്ങളായ ബസ്, സബ്വേ എന്നിവ അവധിദിനങ്ങളിൽ പരിമിതമായ സമയക്രമത്തിലായിരിക്കും സർവീസ് നടത്തുക. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഫെറി ടെർമിനലുകൾ, പെട്രോൾ പമ്പുകൾ എന്നിവ തുറന്നുപ്രവർത്തിക്കുമെങ്കിലും പ്രവൃത്തിസമയത്തിൽ മാറ്റമുണ്ടായേക്കാം. യാത്രക്കാർ പ്രാദേശിക ഗതാഗത ഏജൻസികളുടെ വെബ്സൈറ്റുകൾ പരിശോധിച്ച് സമയം ഉറപ്പുവരുത്തണമെന്ന് നിർദ്ദേശമുണ്ട്.
