ഓട്ടവ: നവംബർ മാസത്തെ അപേക്ഷിച്ച് ഡിസംബറിൽ കാനഡയിലെ ചില്ലറ വിൽപ്പനയിൽ കുറവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നവംബറിലെ ‘ബ്ലാക്ക് ഫ്രൈഡേ’പോലുള്ള വൻകിട ഡിസ്കൗണ്ട് ദിനങ്ങളിൽ ആളുകൾ സജീവമായി പങ്കെടുത്തതാണ് പ്രധാനകാരണം. ചില്ലറ വിൽപ്പനയിൽ ഏകദേശം 1.5% വർധനയാണുണ്ടായതെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഉത്സവകാല ഷോപ്പിംഗ് മുൻകൂട്ടി ആരംഭിച്ചതും ബ്ലാക്ക് ഫ്രൈഡേ സെയിലുകളും ഈ വർധനയ്‌ക്ക് കാരണമായി. ഡിസംബറിൽ സാധാരണ ഉണ്ടാകാറുള്ളതിനേക്കാൾ കുറഞ്ഞ വിൽപ്പനയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കൾ വലിയ ലാഭവിഹിതമുള്ള ഓഫറുകൾക്കായി കാത്തിരിക്കുന്നതിനാൽ, അതല്ലാത്ത സാധനങ്ങൾ വാങ്ങാൻ മടിക്കുന്നത് വിപണിയെ ബാധിക്കുന്നു.

ഡിസംബർ മൊത്തത്തിൽ മന്ദഗതിയിലാണെങ്കിലും, ക്രിസ്മസിന് ശേഷമുള്ള ‘ബോക്സിംഗ് വീക്ക്’ വിൽപ്പനയിൽ ഉണർവുണ്ടാകുമെന്ന് മാർക്കറ്റ് വിദഗ്ധനായ ബ്രൂസ് വിൻഡർ പറഞ്ഞു. എങ്കിലും സ്റ്റോക്കുകളുടെ ലഭ്യതക്കുറവ് ഉപഭോക്താക്കൾക്ക് തിരിച്ചടിയായേക്കാം. കാനഡയിലെ ആകെ ചില്ലറ വിൽപ്പനയുടെ 10% മുതൽ 15% വരെ ഓൺലൈൻ വഴിയാണ് നടക്കുന്നത്. ഓഫറുകൾ താരതമ്യം ചെയ്യാനുള്ള എളുപ്പവും വേഗത്തിലുള്ള ഡെലിവറി സൗകര്യങ്ങളും കാരണം നാലാം പാദത്തിൽ ഓൺലൈൻ വ്യാപാരം കൂടുതൽ കരുത്താർജ്ജിക്കാറുണ്ട്. വരും വർഷത്തിന്റെ തുടക്കത്തിൽ കാനഡയിലെ വിപണിയിൽ ചില പ്രതിസന്ധികൾ ഉണ്ടായേക്കാമെന്നും വിദഗ്‌ദ്ധർ സൂചന നൽകുന്നു. ‘ബൈ നൗ പേ ലേറ്റർ’ പോലുള്ള സംവിധാനങ്ങൾ വഴി സാധനങ്ങൾ വാങ്ങിയ യുവാക്കൾക്ക് പുതുവർഷത്തിൽ തിരിച്ചടവ് വലിയ ബാധ്യതയാകും. വരും വർഷത്തിന്റെ ആദ്യ പാദത്തിൽ (Q1) ഉപഭോക്താക്കൾ ചെലവ് കുറയ്ക്കാനും കൂടുതൽ മിതത്വം പാലിക്കാനും സാധ്യതയുണ്ടെന്നും വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകി.
