ന്യൂഡൽഹി: ഏഴുദിവസത്തിനിടെ രണ്ടാംവട്ടവും ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്ന പശ്ചാത്തലത്തിലാണിത്. നേരത്തെ പതിനേഴാം തീയതിയും റിയാസിനെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെക്കാനായിരുന്നു ഇത്. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയെ, ചൊവ്വാഴ്ച ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചിരുന്നു. ഇന്ത്യയിലെ ബംഗ്ലാദേശി നയതന്ത്ര മിഷനുകളുടെ സുരക്ഷയേക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്നതിനായിരുന്നു ഇത്. ശേഷം മണിക്കൂറുകൾക്കുള്ളിലാണ് റിയാസിനെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും വിളിപ്പിച്ചത്.

20 ന് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിലും ഹൈക്കമ്മിഷണറുടെ ഔദ്യോഗിക വസതിക്ക് മുമ്പിലുണ്ടായ പ്രതിഷേധസംഭവങ്ങളിലും 22-ാം തീയതി സിലിഗുരിയിലെ വിസാകേന്ദ്രത്തിലുണ്ടായ അനിഷ്ടസംഭവത്തിലും പ്രണയ് വർമയെ ബംഗ്ലാദേശ് സർക്കാർ കടുത്ത ആശങ്ക അറിയിച്ചുവെന്നാണ് വിവരം. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെ ഒറ്റപ്പെടുത്തുമെന്ന് ബംഗ്ലാദേശിലെ ഒരു നേതാവ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് നയതന്ത്ര ബന്ധം കൂടുതൽ വഷളായത്. കൊൽക്കത്തയിലും ഡൽഹിയിലും ബംഗ്ലാദേശിനെതിരെ പ്രതിഷേധങ്ങൾ തുടരുകയാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധം അതീവ സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ബംഗ്ലാദേശിൽ നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങളെത്തുടർന്ന് ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തുന്നത്.
