ടൊറൻ്റോ: ഒന്റാരിയോയിലെ മദ്യവിപണിയിൽ പുതുവർഷത്തിൽ വില വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. പ്രീമിയർ ഡഗ് ഫോർഡ് നടപ്പിലാക്കുന്ന മദ്യവിൽപ്പന നവീകരണ പദ്ധതിയുടെ ഭാഗമായുള്ള മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും കോർണർ സ്റ്റോറുകൾക്കും നൽകിയിരുന്ന 15% ഹോൾസെയിൽ ഡിസ്കൗണ്ട് ഡിസംബർ 31-ഓടെ അവസാനിക്കുന്നതും മറ്റൊരു പ്രധാനകാരണമാണ്. യു.എസ് താരിഫുകളിൽ നിന്ന് ചെറുകിട ബിസിനസ്സുകളെ സംരക്ഷിക്കാൻ താൽക്കാലികമായി നൽകിയിരുന്ന ഈ ആനുകൂല്യം നിർത്തലാക്കുന്നതും വിപണിയെ ബാധിക്കും. ലിക്കർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാരിയോ (LCBO) കോസ്റ്റ്-പ്ലസ്’ (Cost-plus) എന്ന പുതിയ മോഡലിലേക്ക് മാറുകയാണ്. നികുതികളും മറ്റ് ഫീസുകളും ഉൾപ്പെടുന്ന ഈ പുതിയ രീതി വില വർധനവിന് ഇടയാക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് ഈ സംവിധാനം നടപ്പിലാക്കുന്നത് 2026 ഏപ്രിൽ വരെ സർക്കാർ നീട്ടിയിട്ടുണ്ട്. മദ്യക്കുപ്പികളുടെയും കാനുകളുടെയും റീസൈക്ലിംഗ് സംവിധാനത്തിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമുള്ള അധിക ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ സാധ്യതയുണ്ട്.

ഭക്ഷ്യസാധനങ്ങൾ, വാടക, ഇൻഷുറൻസ് എന്നിവയ്ക്കുണ്ടായ വിലക്കയറ്റം കാരണം റെസ്റ്റോറന്റുകൾ വലിയ പ്രതിസന്ധിയിലാണ്. ആഹാരസാധനങ്ങൾക്ക് വില കൂട്ടുന്നതിന് പകരം മദ്യത്തിന് വില വർധിപ്പിക്കാൻ പല ഉടമകളും നിർബന്ധിതരായേക്കും. പുതിയ കരാർ പ്രകാരം, കാലിയായ മദ്യക്കുപ്പികളും കാനുകളും തിരികെ വാങ്ങുന്നതിനുള്ള പ്രധാന ചുമതല ‘ദ ബിയർ സ്റ്റോർ’ തന്നെ തുടരും. ഉപഭോക്താക്കൾക്ക് തങ്ങളുടെ എംപ്റ്റികൾ ബിയർ സ്റ്റോർ ശാഖകളിൽ നൽകി ഡിപ്പോസിറ്റ് തുക തിരികെ വാങ്ങാം. സ്റ്റോറുകളിൽ കുപ്പികൾ സൂക്ഷിക്കുന്നതിലെ ശുചിത്വ പ്രശ്നങ്ങളും സ്ഥലപരിമിതിയും ചൂണ്ടിക്കാട്ടിയാണ് ഗ്രോസറി സ്റ്റോറുകൾ ഈ ബാധ്യതയിൽ നിന്ന് ഒഴിവായത്. ഗ്രോസറി സ്റ്റോറുകൾ കുപ്പികൾ നേരിട്ട് സ്വീകരിക്കില്ലെങ്കിലും, ഈ റീസൈക്ലിംഗ് സംവിധാനത്തിനുള്ള ചെലവ് അവർ നൽകേണ്ടി വരും. ഈ അധിക ചെലവ് മദ്യത്തിന്റെ വില വർധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനും സാധ്യതയുണ്ട്.
