ഓട്ടവ: കാനഡയിലെ ഈ വർഷത്തെ അവധിക്കാല വിപണി വിൽപ്പനയിൽ 4.4 ശതമാനം വർധനയുണ്ടായതായി വിസ കാനഡ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാനഡക്കാർ ഷോപ്പിംഗിനായി കൂടുതൽ പണം ചെലവഴിക്കുന്നു എന്ന സൂചനയാണിത്. പണം, ചെക്ക്, കാർഡുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പേയ്‌മെന്റ് രീതികളിലുമായുള്ള വിൽപ്പനയാണിത്. നാണയപ്പെരുപ്പം പരിഗണിക്കാതെയുള്ള കണക്കാണിത്. ആകെയുള്ള ഷോപ്പിംഗിന്റെ 88 ശതമാനവും നേരിട്ടുള്ള സ്റ്റോറുകൾ വഴിയാണ് നടന്നത്. ഓൺലൈൻ ഷോപ്പിംഗ് വെറും 12 ശതമാനം മാത്രമാണെങ്കിലും, മുൻവർഷത്തേക്കാൾ 7 ശതമാനം വർധന ഉണ്ടായി.

വസ്ത്രങ്ങൾക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കുമാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉണ്ടായത് (10% വർധന). ആരോഗ്യം, വ്യക്തിഗത പരിചരണം എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ 5.4 ശതമാനം വർധനയാണുണ്ടായത്.
ഉപഭോക്താക്കൾ സാധനങ്ങൾ കണ്ടെത്താനും വില താരതമ്യം ചെയ്യാനും വ്യാപകമായി എ.ഐ ഉപയോഗിക്കാൻ തുടങ്ങിയത് ഈ വർഷത്തെ വിപണിയുടെ പ്രത്യേകതയാണെന്ന് വിസ ചീഫ് ഇക്കണോമിസ്റ്റ് വെയ്ൻ ബെസ്റ്റ് പറഞ്ഞു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരമായ രീതിയിൽ പണം ചെലവഴിക്കാൻ സഹായിച്ചു. കാനഡയ്ക്ക് പുറമെ യു.എസ്.എ, യു.കെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ രീതിയിൽ അവധിക്കാല വിൽപ്പന കുത്തനെ ഉയർന്നിട്ടുണ്ട്. നവംബർ 1 മുതൽ ഏഴ് ആഴ്ചത്തെ കണക്കുകൾ പരിശോധിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
