ഓട്ടവ: കാനഡയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) ഒക്ടോബറിൽ 0.3 ശതമാനം ഇടിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. നിർമ്മാണ മേഖലയിലുണ്ടായ കനത്ത തിരിച്ചടിയാണ് സമ്പദ്‌വ്യവസ്ഥയെ വിപരീതമായി ബാധിച്ചത്. ഒക്ടോബറിൽ ഈ മേഖലയിൽ 1.5% കുറവാണുണ്ടായത്. ഖനനം, ക്വാറി, ഓയിൽ ആൻഡ് ഗ്യാസ് മേഖലകളിലെ വളർച്ച 0.6% മായി ചുരുങ്ങി. ഓയിൽ സാൻഡ്സ് പ്ലാന്റുകളിലെ അറ്റകുറ്റപ്പണികൾ എണ്ണ ഉത്പാദന മേഖലയെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ആറുമാസത്തെ തുടർച്ചയായ വളർച്ചയ്ക്ക് ശേഷമാണ് നിർമ്മാണമേഖല ആദ്യത്തെ ഇടിവ് രേഖപ്പെടുത്തിയത് (-0.4%). പുതിയ വീടുകളുടെ നിർമ്മാണത്തിലുണ്ടായ കുറവാണ് മാറ്റത്തിന് കാരണമായതെന്നാണ് വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. ആൽബർട്ടയിലെ അധ്യാപക സമരം വിദ്യാഭ്യാസ മേഖലയെ (-1.8%) ബാധിച്ചപ്പോൾ കാനഡ പോസ്റ്റ് സമരം പോസ്റ്റൽ സർവീസുകളിൽ 32.1% ഇടിവുമുണ്ടാക്കി.

സമ്പദ്‌വ്യവസ്ഥയിലെ ഈ തളർച്ച കണക്കിലെടുത്ത്, 2026-ൽ പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കുറവാണെന്ന് സി.ഐ.ബി.സി (CIBC) സീനിയർ ഇക്കണോമിസ്റ്റ് ആൻഡ്രൂ ഗ്രാന്ഥം പറഞ്ഞു. ബാങ്ക് ഓഫ് കാനഡ പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. ഒക്ടോബറിൽ തിരിച്ചടി നേരിട്ടെങ്കിലും, നവംബറിൽ ജിഡിപിയിൽ 0.1% നേരിയ വർധനയുണ്ടായി. കാനഡയിലെ പണപ്പെരുപ്പം (CPI Inflation) നിലവിൽ 2.2% ആണ്. ഇത് ബാങ്ക് ഓഫ് കാനഡയുടെ ലക്ഷ്യമായ 2 ശതമാനത്തിന് അടുത്താണെങ്കിലും, ഭക്ഷ്യവസ്തുക്കളുടെ വിലയും വാടകയും പണപ്പെരുപ്പത്തെ പിടിച്ചുനിർത്തുകയാണ്. ഒക്ടോബറിലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും കാനഡയിലെ തൊഴിൽ വിപണി കരുത്ത് കാണിക്കുന്നുണ്ട്. നവംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5% ആയി കുറഞ്ഞത് പലിശ നിരക്ക് കുറയ്ക്കാനുള്ള ബാങ്ക് ഓഫ് കാനഡയുടെ നടപടികളെ സ്വാധീനിച്ചേക്കാമെന്നും സൂചനയുണ്ട്. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളും പുതിയ നികുതിയുമാണ് കാനഡയുടെ നിർമ്മാണ മേഖലയെ സാരമായി ബാധിച്ചത്
