ഇസ്ലാമാബാദ്∙ ബംഗ്ലദേശിന്റെ പരമാധികാരത്തിന് ഭീഷണി ഉയർത്തിയാൽ ഇന്ത്യയ്ക്കെതിരെ സൈനികമായി നീങ്ങുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ യുവനേതാവ്. പാക്ക് ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസിന്റെ യുവജന വിഭാഗം നേതാവ് കമ്രാൻ സയീദ് ഉസ്മാനിയാണ് ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. ധാക്കയ്ക്കെതിരെ ഇന്ത്യ എന്തെങ്കിലും നീക്കം നടത്തിയാൽ പാക്കിസ്ഥാൻ പ്രതികരിക്കുമെന്നാണ് ഭീഷണി. ‘ബംഗ്ലദേശിന്റെ സ്വയംഭരണത്തെ ഇന്ത്യ ആക്രമിച്ചാൽ, ആരെങ്കിലും അതിന് ധൈര്യപ്പെട്ടാൽ ഓർക്കുക, പാക്കിസ്ഥാൻ ജനതയും പാക്ക് സൈന്യവും ഞങ്ങളുടെ മിസൈലുകളും അധികം ദൂരത്തല്ല’– എന്ന് കമ്രാൻ സയീദ് വിഡിയോയിൽ പറയുന്നു.
ഇന്ത്യ മേഖലയിൽ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് മുസ്ലിം യുവാക്കൾ ജാഗരൂകരാണെന്നും ഈ ഗൂഢാലോചന പല രൂപങ്ങളിൽ ഉണ്ടാകുമെന്നും. ബംഗ്ലദേശിനുള്ള വെള്ളം വെട്ടിക്കുറയ്ക്കുന്ന രൂപത്തിലോ രാജ്യദ്രോഹത്തിന്റെയോ മുസ്ലിങ്ങളെത്തന്നെ മുസ്ലിങ്ങൾക്കെതിരാക്കിയോ അത് സംഭവിക്കാമെന്നും കമ്രാൻ വിഡിയോയിൽ പറഞ്ഞു
