വാട്ട്‌സ്ആപ്പിലെ ചാറ്റ്‌ബോട്ട് സംവിധാനം നിർത്തലാക്കാൻ ഒരുങ്ങി മെറ്റാ. 2026 ജനുവരി 15 മുതൽ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി വാട്‌സ്ആപ്പിൽ ലഭ്യമാവില്ലെന്ന് കമ്പനി അറിയിച്ചു. ബിസിനസ് എപിഐയില്‍ മെറ്റ മാറ്റം വരുത്തിയതോടെയാണ് ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള ജനറല്‍ പര്‍പ്പസ് തേര്‍ഡ് പാര്‍ട്ടി എഐ ചാറ്റ്ബോട്ടുകള് പുറത്താകുന്നത്.
OpenAI-യുടെ ChatGPT മുതൽ Perplexity, Luzia, Poke എന്നിവയുടെ എഐ സഹായികൾ വരെ, 3 ബില്യണിലധികം വരുന്ന ഉപയോക്താക്കളിലേക്ക് എത്താൻ വാട്ട്‌സ്ആപ്പിൽ അസിസ്റ്റന്റുകൾ വികസിപ്പിച്ച നിരവധി കമ്പനികൾക്ക് ഇത് തിരിച്ചടിയാകും. ഉപഭോക്താക്കള്‍ക്ക് ബുക്കിങുകള്‍ വെരിഫിക്കേഷനുകള്‍ എന്നിവയ്ക്ക് സഹായകമാകുന്ന തരത്തിലുള്ള എഐ അസിസ്റ്റുകളാകും പ്രോല്‍സാഹിപ്പിക്കപ്പെടുകയെന്നും അല്ലാതെയുള്ളവ സിസ്റ്റത്തിന് അധികഭാരം നല്‍കുമെന്നുമാണ് മെറ്റയുടെ കണ്ടെത്തല്‍. ഭീകരമായ ബാക് എന്‍ഡ് ലോഡാണ് തേര്‍ഡ് പാര്‍ട്ടി ചാറ്റ് ബോട്ടുകള്‍ കാരണം വാട്സാപ്പ് സെര്‍വറുകള്‍ക്ക് ഉണ്ടായിരുന്നത്. പുതിയ നീക്കം വാട്സാപ്പിന്‍റെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ കമ്പനിയെ സഹായിക്കുമെന്നും മെസേജിങ് ആപ്പിലെ എഐ ചാറ്റ് മാര്‍ക്കറ്റിലും മാറ്റമുണ്ടാക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

‘ലാര്‍ജ് ലാങ്വേജ് മോഡലുകള്‍ ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമുകള്‍ എന്നിവയെ വാട്സാപ്പ് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുകയാണ്. പ്രത്യക്ഷത്തിലോ പരോക്ഷമായോ മെറ്റ നിശ്ചയിക്കുന്നതല്ലാത്ത ഒരു എഐ പ്ലാറ്റ്ഫോമുകളെയും വാട്സാപ്പ് ആക്സസ് ചെയ്യുന്നതിനായി മേലില്‍ അനുവദിക്കില്ല’ എന്നാണ് പുതുക്കിയ ചട്ടത്തില്‍ വിശദീകരിക്കുന്നത. അതേസമയം കസ്റ്റമര്‍ സപ്പോര്‍ട് ബോട്ടുകളായി നിലവില്‍ വാട്സാപ്പിനുള്ളില്‍ തന്നെയുള്ള എഐ ബോട്ടുകള്‍ക്ക് പ്രശ്നം നേരിട്ടേക്കില്ല. പരിഷ്കാരം നിലവില്‍ വരുന്നതോടെ മെറ്റ എഐ മാത്രമാകും വാട്സാപ്പില്‍ ലഭ്യമായേക്കാവുന്ന ജനറല്‍ പര്‍പസ് ചാറ്റ്ബോട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എട്ടു ബില്യണിലധികം പേരാണ് ലോകത്താകമാനം വാട്സാപ്പ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍.
