Wednesday, December 24, 2025

തൊണ്ടയിലെ അർബുദത്തിന് പുതിയ ചികിത്സ; അംഗീകാരം നൽകി ഹെൽത്ത് കാനഡ

ഓട്ടവ : അപൂർവ്വമായി കണ്ടുവരുന്ന തൊണ്ടയിലെ അർബുദത്തിനായുള്ള (Nasopharyngeal Carcinoma) പുതിയ ചികിത്സാ രീതിക്ക് അംഗീകാരം നൽകി ഹെൽത്ത് കാനഡ. രോഗം വീണ്ടും വരികയോ മറ്റ് ശരീരഭാഗങ്ങളിലേക്ക് പടരുകയോ ചെയ്തവർക്ക് ‘ടിസ്ലെലിസുമാബ്’ (Tislelizumab) എന്ന മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയ്ക്കാണ് അനുമതി ലഭിച്ചത്. ‘ടെവിംബ്ര’ (Tevimbra) എന്ന ബ്രാൻഡ് നാമത്തിലാണ് ഈ മരുന്ന് വിപണിയിലെത്തുന്നത്.

മറ്റ് രണ്ട് കീമോതെറാപ്പി മരുന്നുകളായ ജെംസിറ്റാബൈൻ (Gemcitabine), സിസ്‌പ്ലാറ്റിൻ (Cisplatin) എന്നിവയുമായി സംയോജിപ്പിച്ചാണ് ടിസ്ലെലിസുമാബ് രോഗികൾക്ക് നൽകുന്നത്. രോഗത്തിന്റെ ആദ്യഘട്ട ചികിത്സയിൽ തന്നെ ഈ മരുന്ന് ഉൾപ്പെടുത്താൻ സാധിക്കും. അർബുദ ചികിത്സാ രംഗത്ത് വലിയൊരു മുന്നേറ്റമാണ് ഈ പുതിയ അനുമതിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മരുന്ന് പുറത്തിറക്കിയ ബി വൺ മെഡിസിൻസ് (BeOne Medicines) അറിയിച്ചു.

അന്താരാഷ്ട്ര ചികിത്സാ രംഗത്ത് ഇതിനോടകം തന്നെ ചർച്ചയായ മരുന്നാണ് ടിസ്ലെലിസുമാബ്. 2019-ൽ ചൈനയിലാണ് ഈ മരുന്നിന് ആദ്യമായി ചികിത്സാ അനുമതി ലഭിക്കുന്നത്. തുടർന്ന് 2023-ൽ യൂറോപ്യൻ യൂണിയനിലും 2024-ൽ അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് അംഗീകാരം നൽകി. വിവിധ രാജ്യങ്ങളിൽ വിജയകരമായി പ്രയോഗിച്ചുവരുന്ന ഈ ചികിത്സാ രീതിക്ക് കാനഡയിൽ കൂടി പച്ചക്കൊടി ലഭിച്ചതോടെ, രാജ്യത്തെ അർബുദ രോഗികൾക്ക് ലോകനിലവാരത്തിലുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് ഉറപ്പായി.

തൊണ്ടയുടെ മുകൾഭാഗത്തെ ബാധിക്കുന്ന നാസോഫറിഞ്ചിയൽ അർബുദത്തിന് നിലവിൽ ചികിത്സാ മാർഗങ്ങൾ പരിമിതമാണെന്ന് ആൽബർട്ടയിലെ ആർതർ ജെ.ഇ. ചൈൽഡ് കോംപ്രിഹെൻസീവ് ക്യാൻസർ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ. ഡിസയർ ഹാവോ പറഞ്ഞു. പുതിയ ഇമ്മ്യൂണോതെറാപ്പി മരുന്നിന്റെ വരവ് രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നും അവർ കൂട്ടിച്ചേർത്തു. കാനഡയിൽ ഓരോ വർഷവും നൂറുകണക്കിന് ആളുകൾക്ക് ഇത്തരത്തിലുള്ള അർബുദം ബാധിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കാനഡയിലെ സാധാരണ ജനവിഭാഗങ്ങളിൽ ഒരു ലക്ഷത്തിൽ ഒരാൾക്ക് എന്ന തോതിലാണ് ഈ രോഗം കാണപ്പെടുന്നത്. എന്നാൽ നൂനവൂട്ട്, നോർത്ത് വെസ്റ്റ് ടെറിട്ടറീസ് എന്നിവിടങ്ങളിലെ ഇൻയൂട്ട് സമൂഹങ്ങളിൽ ഇത് ഒരു ലക്ഷത്തിൽ പത്ത് പേർക്ക് എന്ന ഉയർന്ന നിരക്കിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കാനഡയിലെ ഗോത്രവർഗ വിഭാഗങ്ങളിൽ ഈ രോഗം കൂടുതൽ പ്രകടമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.2025 അവസാനത്തോടെ കാനഡയിൽ ഏകദേശം 8,100 പേർക്ക് തലയെയും കഴുത്തിനെയും ബാധിക്കുന്ന അർബുദം സ്ഥിരീകരിക്കുമെന്നും ഇതിൽ 2,200 ഓളം മരണങ്ങൾ സംഭവിക്കാനിടയുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ പുതിയ ചികിത്സാ രീതിക്ക് ലഭിച്ച അംഗീകാരം നിർണ്ണായകമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!