വിനിപെഗ്: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വാലി ഡൗഡ്രിച്ച്. നിലവിലെ എംഎല്‍എ ഡോയല്‍ പിവ്നിയുക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡൗഡ്രിച്ച് ഈ നീക്കം നടത്തുന്നത്. മാനിറ്റോബയിലെ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് നടന്ന ഇത്തവണത്തെ ശക്തമായ പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ വാലി ഡൗഡ്രിച്ച്, വരാനിരിക്കുന്ന നിയമസഭാ തരഞ്ഞെടുപ്പില്‍ ടര്‍ട്ടില്‍ മൗണ്ടനില്‍ നിന്നാണ് ജനവിധി തേടുക.
കഴിഞ്ഞ ഏപ്രിലില്‍ നടന്ന പാര്‍ട്ടി നേതൃമത്സരത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ (3,387 വോട്ടുകള്‍) നേടിയത് ഡൗഡ്രിച്ചായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ പോയിന്റ് സമ്പ്രദായം അനുസരിച്ച് 50.4% പോയിന്റുകള്‍ നേടിയ ഒബി ഖാന്‍ വിജയിയായി. ഡൗഡ്രിച്ചിന് 49.6% പോയിന്റുകളാണ് ലഭിച്ചത്. താനാണ് യഥാര്‍ത്ഥ കണ്‍സര്‍വേറ്റീവ് എന്ന് അവകാശപ്പെടുന്ന ഡൗഡ്രിച്ച്, ബിസിനസ് സൗഹൃദ സമീപനങ്ങളെ പിന്തുണയ്ക്കുന്ന നേതാവാണ്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സൗജന്യമായി നല്‍കുന്നതിനെ അദ്ദേഹം നേരത്തെ വിമര്‍ശിച്ചിരുന്നു.

തെരുവോരങ്ങളില്‍ കഴിയുന്നവരുടെ പ്രശ്‌നം പരിഹരിക്കാന്‍ നിയമസഭയ്ക്ക് മുന്നില്‍ ധ്രുവക്കരടികളെ തുറന്നുവിടണം എന്ന അദ്ദേഹത്തിന്റെ തമാശ കലര്‍ന്ന പരാമര്‍ശം നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. നേതൃമത്സരവുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഇലക്ഷന്‍സ് മാനിറ്റോബ നല്‍കിയ സമയപരിധി കഴിഞ്ഞുവെന്ന ആരോപണത്തിന്, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ലഭിക്കാന്‍ വൈകിയതാണ് കാരണമെന്നും ഇപ്പോള്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പലരും സമീപിച്ചെങ്കിലും പിസി പാര്‍ട്ടിക്കൊപ്പം തന്നെ നില്‍ക്കാനാണ് തന്റെ തീരുമാനമെന്നും, പാര്‍ട്ടി വീണ്ടും ഭരണത്തിലെത്തുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഡൗഡ്രിച്ച് വ്യക്തമാക്കി.
