Wednesday, December 24, 2025

നികുതി ആനുകൂല്യങ്ങള്‍ നീക്കണം; നോവസ്‌കോഷയുടെ മദ്യനയത്തിനെതിരെ അമേരിക്ക

ഹാലിഫാക്‌സ്: കാനഡയിലെ നോവസ്‌കോഷ ലിക്വര്‍ കോര്‍പ്പറേഷന്‍ (NSLC) പ്രാദേശിക മദ്യ ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക നികുതി ആനുകൂല്യങ്ങള്‍ നീക്കം ചെയ്യണമെന്ന് അമേരിക്കയിലെ പ്രമുഖ മദ്യ ഉല്‍പാദകരുടെ സംഘടനയായ ‘ഡിസ്റ്റില്‍ഡ് സ്പിരിറ്റ്‌സ് കൗണ്‍സില്‍ ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്‌സ്’ (DISCUS) ആവശ്യപ്പെട്ടു. അമേരിക്കന്‍ വ്യാപാര പ്രതിനിധിക്ക് സമര്‍പ്പിച്ച 77 പേജുള്ള റിപ്പോര്‍ട്ടിലാണ് സംഘടന തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. കാനഡയിലെ വിവിധ പ്രവിശ്യകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തങ്ങളുടെ വ്യാപാരത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നോവസ്‌കോഷയില്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന മദ്യത്തിന് 50 മുതല്‍ 80 ശതമാനം വരെയാണ് അധിക നികുതി ഈടാക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ളതോ മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളതോ ആയ മദ്യത്തിന് ഇത് 160 ശതമാനമാണ്. ഇത് അന്താരാഷ്ട്ര വ്യാപാര കരാറുകളുടെ ലംഘനമാണെന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളോടുള്ള വിവേചനമാണെന്നും കൗണ്‍സില്‍ ആരോപിച്ചു.

2025ന്റെ ആദ്യ പകുതിയില്‍ അമേരിക്കന്‍ മദ്യ കയറ്റുമതിയില്‍ 9 ശതമാനത്തിന്റെ ഇടിവുണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. കാനഡയിലേക്കുള്ള കയറ്റുമതിയില്‍ 85 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഏര്‍പ്പെടുത്തിയ തീരുവകള്‍ക്ക് തിരിച്ചടിയായി കാനഡയിലെ മിക്ക പ്രവിശ്യകളും അമേരിക്കന്‍ മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

നിലവില്‍ നോവസ്‌കോഷയിലെ സ്റ്റോറുകളില്‍ മിച്ചമുള്ള അമേരിക്കന്‍ മദ്യം വിറ്റഴിച്ച് ആ തുക ചാരിറ്റിക്ക് നല്‍കാനാണ് പ്രവിശ്യാ ഭരണകൂടത്തിന്റെ തീരുമാനം. പുതിയ ഓര്‍ഡറുകള്‍ നല്‍കില്ലെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നോവ സ്‌കോഷയിലെ ക്രാഫ്റ്റ് ഡിസ്റ്റിലേഴ്‌സ് അസോസിയേഷന്‍ ഈ നയത്തെ പിന്തുണച്ചു. പ്രാദേശികമായ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനും കര്‍ഷകര്‍ക്ക് സഹായമേകാനും നിലവിലെ നയം അത്യാവശ്യമാണെന്ന് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫേ പാറ്റെ പറഞ്ഞു. 2024-ല്‍ മാത്രം നൂറിലധികം പേര്‍ക്ക് ഈ മേഖലയില്‍ സ്ഥിരമായ തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും 1.1 ലക്ഷം കിലോ കാര്‍ഷിക ഉല്‍പന്നങ്ങള്‍ പ്രാദേശിക ഡിസ്റ്റിലറികള്‍ ഉപയോഗിച്ചതായും അവര്‍ വ്യക്തമാക്കി.

അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യാപാര കരാറുകള്‍ പാലിക്കാന്‍ നോവ സ്‌കോഷിയ പ്രതിജ്ഞാബദ്ധമാണെന്നും പ്രവിശ്യാ ഇന്റര്‍ഗവണ്‍മെന്റല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!