മൺട്രിയോൾ: കെബെക്കിലെ തിരഞ്ഞെടുപ്പ് ഭൂപടത്തിൽ മാറ്റം വരുത്താനുള്ള തീരുമാനത്തെ തടയാൻ പ്രവിശ്യാ സർക്കാർ. ഗാസ്പെ പെനിൻസുല, മൺട്രിയോൾ എന്നിവിടങ്ങളിലെ അതിർത്തി പുനർനിർണയ പ്രക്രിയ ഇല്ലാതാക്കി ജനസംഖ്യ കൂടുതലുള്ള മറ്റു സ്ഥലങ്ങളിൽ പുതിയവ തുടങ്ങാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി. എന്നാൽ ഇതിനെതിരെ സർക്കാർ കൊണ്ടുവന്ന നിയമം കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയതാണ് പുതിയ നിയമപോരാട്ടത്തിന് കാരണമായത്.
അതിർത്തി കുറയ്ക്കുന്നത് ഗാസ്പെ പോലുള്ള പ്രദേശങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കും. ഭൂപടത്തിൽ മാറ്റം വരുത്തുന്നത് ജനങ്ങൾക്ക് പ്രതിനിധികളെ ബന്ധപ്പെടാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം. അതുകൊണ്ട് തന്നെ പ്രാദേശികമായ ഈ വേർതിരിവ് ഒഴിവാക്കാൻ പഴയ ഭൂപടം തന്നെ നിലനിർത്തണമെന്നാണ് സർക്കാറിന്റെ വാദം.

എന്നാൽ, സർക്കാരിന്റെ ഈ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നാണ് പ്രവിശ്യാ കോടതിയുടെ നിരീക്ഷണം. ഓരോ വോട്ടർക്കും തുല്യ പ്രാധാന്യം വേണമെന്നും ജനസംഖ്യ മാറുന്നതിനനുസരിച്ച് മാറ്റം വരുത്തണമെന്നുമാണ് കോടതിയുടെ പക്ഷം. എല്ലാ മേഖലകളിലെയും ജനങ്ങൾക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സുപ്രീം കോടതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
