Wednesday, December 24, 2025

ട്രക്ക് ഡ്രൈവർമാർക്ക്‌ മുന്നറിയിപ്പുമായി ‘നോട്ടി ലിസ്റ്റ്’; ഹൈ ലെവൽ ബ്രിഡ്ജ്‌ സംരക്ഷിക്കാൻ ആൽബർട്ട സർക്കാർ

എഡ്മിന്റൻ: ചരിത്രപ്രസിദ്ധമായ ഹൈ ലെവൽ ബ്രിഡ്ജിൽ വലിയ ട്രക്കുകൾ തട്ടുന്നത് തടയാൻ കർശന നടപടികളുമായി ആൽബർട്ട സർക്കാർ രംഗത്ത്‌. 112 വർഷം പഴക്കമുള്ള ബ്രിഡ്ജ്‌ സംരക്ഷിക്കുന്നതിനായി പുതിയ നയങ്ങൾ ആൽബർട്ട ഗതാഗത മന്ത്രി ഡെവിൻ ഡ്രീഷെൻ പ്രഖ്യാപിച്ചു. ഉയരം കൂടിയ ട്രക്കുകൾ പാലത്തിൽ തട്ടുന്നത് പതിവായ സാഹചര്യത്തിലാണ് ഈ നീക്കം. പാലങ്ങളിലും ഓവർ പാസുകളിലും ഇടിക്കുന്ന ഡ്രൈവർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി പട്ടികയും തയ്യാറാക്കും. ഡ്രൈവർമാർ ജോലി മാറാൻ ശ്രമിക്കുമ്പോൾ അവരുടെ മുൻകാല ചരിത്രം പരിശോധിക്കുന്നതും നിർബന്ധമാക്കും. ഇത് സ്ഥിരമായി അപകടമുണ്ടാക്കുന്ന ഡ്രൈവർമാരെ തിരിച്ചറിയാൻ കമ്പനികളെ സഹായിക്കും. നിലവിൽ പാലങ്ങളിൽ ഇടിക്കുന്ന ട്രക്കുകൾക്ക് 10,000 ഡോളർ വരെയാണ് പിഴ. അടുത്ത വർഷം നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതിയിലൂടെ ഈ തുക ഇനിയും വർദ്ധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് കണ്ടുകെട്ടാനോ റദ്ദാക്കാനോ ഉള്ള അധികാരം മോട്ടോർ വെഹിക്കിൾ രജിസ്ട്രാർക്ക് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. 1912-ൽ നിർമ്മിച്ച ഈ പാലം നോർത്ത് സസ്കാച്വൻ നദിക്ക് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് എഡ്മിൻ്റനിലെ പ്രധാന ലാൻഡ്‌മാർക്കാണ്. പാലത്തിന്റെ താഴത്തെ തട്ടിലൂടെയുള്ള പാതയ്ക്ക് വെറും 10.6 മീറ്റർ ഉയരം മാത്രമേയുള്ളൂ. ഒരു ബസ്സിന് വളരെ കഷ്ടിച്ചേ ഇതിലൂടെ കടന്നുപോകാൻ കഴിയൂ. അതിനാൽ വലിയ ട്രക്കുകൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ 21 തവണ ട്രക്കുകൾ ഈ പാലത്തിൽ ഇടിച്ചിട്ടുണ്ട്. 63 തവണ ട്രക്കുകൾ കുടുങ്ങി ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!