വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന്റെ അഞ്ച് വയസ്സുകാരനായ മകനെ ഓട്ടിസം ബാധിച്ചതിന്റെ പേരിൽ നാടുകടത്താൻ ഇമിഗ്രേഷൻ വിഭാഗം നീക്കം തുടങ്ങി. നെൽസണിൽ നഴ്സായ നിതിൻ മങ്കീലിന്റെ മകൻ എയ്ദൻ നിതിനാണ് വിസ നിഷേധിക്കപ്പെട്ടത്. ഇതോടെ വലിയ മാനസികപ്രയാസത്തിലാണ് നിതിനും കുടുംബവും. ഭിന്നശേഷിക്കാരനായ കുട്ടിയുടെ ചികിത്സയും പഠനവും സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇമിഗ്രേഷൻ വകുപ്പിൻ്റെ നടപടി. നിതിനും ഭാര്യയ്ക്കും റെസിഡന്റ് വിസ ലഭിച്ചെങ്കിലും, മകന്റെ അപേക്ഷ മാറ്റിവയ്‌ക്കുകയും പിന്നീട് പല കാരണങ്ങൾ പറഞ്ഞ് വിസ പോലും നിഷേധിക്കുകയുമായിരുന്നു. നിയമങ്ങളെല്ലാം എതിരായതോടെ കുട്ടി രാജ്യത്ത് തുടരുന്നത് നിയമവിരുദ്ധമാണെന്ന അവസ്ഥയിലായി.

വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി അപ്പീലുകൾ നൽകിയെങ്കിലും മന്ത്രിയും ട്രൈബ്യൂണലും തള്ളി. എന്തു ചെയ്യണമെന്നറിയാതെ കുടുംബം കടുത്ത ആശങ്കയിലാണ്. അതേ സമയം കുടുംബത്തിന് പിന്തുണയുമായി നെൽസൺ എംപിയും പ്രദേശവാസികളും രംഗത്തെത്തി. നാടുകടത്തൽ ഒഴിവാക്കാൻ ഇവരുടെ നേതൃത്വത്തിൽ
നിവേദനങ്ങളും പ്രതിഷേധ റാലികളും സംഘടിപ്പിക്കുന്നുണ്ട്. ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്ന തങ്ങളെയും മകനെയും വേർപിരിക്കരുതെന്ന് നിതിൻ അധികൃതരോട് അപേക്ഷിച്ചു. മകനെ നാടുകടത്തുന്നത് സ്വന്തം കൈ വെട്ടിമാറ്റുന്നതിന് തുല്യമാണെന്നും, നാട്ടിലേക്ക് മടങ്ങിയാൽ കുട്ടിയെ നോക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും നിതിൻ വേദനയോടെ പറഞ്ഞെങ്കിലും നിയമം കണ്ണടച്ചിരിക്കുകയാണ്. ഏതെങ്കിലും ഒരു വാതിൽ തുറന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏയ്‌ദനും അച്‌ഛനും മകനും.
