റോം: വരാനിരിക്കുന്ന വര്‍ഷം ഈ വര്‍ഷത്തെക്കാള്‍ കഠിനമാകുമെന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയുടെ പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഈ വര്‍ഷത്തെ അവസാന കാബിനറ്റ് യോഗത്തിന് മുന്നോടിയായി പലാസോ ചിഗിയില്‍ നടന്ന യോഗത്തില്‍ തന്റെ ഓഫീസ് ജീവനക്കാരെ അഭിസംബോധന ചെയ്യവെയായിരുന്നു മെലാനിയുടെ ഈ അപ്രതീക്ഷിത പ്രതികരണം.
‘കഴിഞ്ഞ വര്‍ഷം നമുക്കെല്ലാവര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. പക്ഷേ വിഷമിക്കേണ്ട, അടുത്ത വര്‍ഷം ഇതിലും മോശമായിരിക്കും,’ എന്നാണ് മെലാനി പറഞ്ഞത്. രാജ്യം നേരിടുന്ന വെല്ലുവിളികളോട് പൊരുതാന്‍ തയ്യാറെടുക്കുന്നതിന് മുമ്പ് ഈ അവധിക്കാലം നന്നായി വിശ്രമിക്കാനും അവര്‍ ഉദ്യോഗസ്ഥരെ ഉപദേശിച്ചു.

ഒരു രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ വരാനിരിക്കുന്ന വര്‍ഷത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചത് സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ സംവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. യൂറോപ്പിലെ പ്രധാന രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചാണോ മെലാനി സൂചിപ്പിച്ചതെന്ന് പലരും ചോദിക്കുന്നു.
ഈ വര്‍ഷത്തെ അവസാന കാബിനറ്റ് യോഗത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്. യുക്രെയ്നിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവ് ഈ യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഈ പരാമര്‍ശം വന്നതെന്നതും ശ്രദ്ധേയമാണ്. യുക്രെയ്ന്‍ വിഷയത്തില്‍ ഭരണസഖ്യത്തിനുള്ളില്‍ തന്നെ ചില ഭിന്നതകള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ ഇത്തരം വിയോജിപ്പുകള്‍ തള്ളിക്കളഞ്ഞു.
ഭാവിയില്‍ രാജ്യം നേരിടാന്‍ പോകുന്ന കഠിനമായ സാഹചര്യങ്ങളെ നേരിടാന്‍ ഉദ്യോഗസ്ഥരെ മാനസികമായി തയ്യാറാക്കുക എന്നതായിരുന്നു തന്റെ വാക്കുകളിലൂടെ മെലാനി ലക്ഷ്യമിട്ടതെന്നാണ് സൂചന.
