Thursday, December 25, 2025

ഇസ്രയേലില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ക്രൈസ്തവരെ ആക്രമിച്ച് പൊലീസ്; സാന്താക്ലോസിനെയടക്കം അറസ്റ്റ് ചെയ്തു

ഹൈഫ: ഇസ്രയേലിലെ ഹൈഫയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ പലസ്തീനിയന്‍ ക്രൈസ്തവര്‍ക്ക് നേരെ ഇസ്രായേല്‍ പൊലീസിന്റെ ക്രൂരമായ ആക്രമണം. ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന സാന്താക്ലോസ് വേഷധാരിയെയും മറ്റു യുവാക്കളെയും പൊലീസ് ക്രൂരമായി മര്‍ദിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹൈഫയിലെ ‘വാദി അല്‍ നിസ്‌നാസ്’ എന്ന സ്ഥലത്താണ് സംഭവം നടന്നത്.

കഴിഞ്ഞദിവസം നടന്ന ക്രിസ്മസ് ആഘോഷത്തിനിടെ പൊലീസ് സംഘം ഇരച്ചെത്തുകയും യാതൊരു പ്രകോപനവുമില്ലാതെ ആഘോഷം തടയുകയും ചെയ്തു. സാന്താക്ലോസ് വേഷം ധരിച്ച വ്യക്തിയെയും ഡിജെയെയും തെരുവ് കച്ചവടക്കാരനെയും പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. യുവാക്കളെ നിലത്തിട്ട് മര്‍ദിക്കുന്നതിന്റെയും തലയില്‍ കാല്‍ അമര്‍ത്തി ഞെരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരമ്പരാഗതമായ ‘ഡാബ്‌കെ’ നൃത്തം അവതരിപ്പിക്കുന്നതും പൊലീസ് തടഞ്ഞു.

അറസ്റ്റ് ചെയ്തവരെ പിറ്റേദിവസം വിട്ടയച്ചെങ്കിലും കസ്റ്റഡിയിലിരിക്കെ ഇവര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റതായി പരാതിയുണ്ട്. ഒരാളുടെ തോളെല്ലിന് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേലിലെ പലസ്തീന്‍ പൗരന്മാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘മൊസാവ സെന്റര്‍’ ആണ് പൊലീസിന്റെ ക്രൂരത പുറത്തുകൊണ്ടുവന്നത്. മതിയായ അറിയിപ്പോ നോട്ടീസോ ഇല്ലാതെ പൊലീസ് സമീപത്തെ ഒരു സംഗീത സ്ഥാപനം റെയ്ഡ് ചെയ്തതായും അവര്‍ പറഞ്ഞു.

അമിത ശബ്ദമുണ്ടാക്കിയെന്നും പൊതുക്രമസമാധാനം തകര്‍ത്തെന്നും ആരോപിച്ചാണ് നടപടിയെടുത്തതെന്നാണ് ഇസ്രായേല്‍ പൊലീസിന്റെ വാദം. എന്നാല്‍ ക്രൈസ്തവ ആഘോഷങ്ങളെ തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണിതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിശുദ്ധ നാട്ടിലെ ക്രൈസ്തവ ആഘോഷങ്ങള്‍ക്ക് നേരെ ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!