അബൂജ: വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരി നഗരത്തിൽ പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ബോർണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയിലെ ഗംബോറു മാർക്കറ്റിലുള്ള തിരക്കേറിയ അൽ-അദും പള്ളിയിലാണ് സംഭവം. പ്രാർത്ഥന പകുതിയായ സമയത്ത് പള്ളിക്കുള്ളിൽ സ്ഫോടനമുണ്ടാകുകയായിരുന്നുവെന്ന് പ്രാദേശിക മിലിഷ്യ നേതാവ് ബാബാകുര കൊളോ അറിയിച്ചു. ചാവേർ സ്ഫോടനമാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. ആക്രമണത്തിൽ മുപ്പതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ മൈദുഗുരി സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും സർവ്വകലാശാലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എങ്കിലും മേഖലയിൽ സജീവമായ ബോക്കോ ഹറാം അല്ലെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) എന്നീ ഭീകരസംഘടനകളാകാം ഇതിന് പിന്നിലെന്നാണ് സുരക്ഷാ സേനയുടെ സംശയം. 2009-ൽ ആരംഭിച്ച ബോക്കോ ഹറാം കലാപത്തിൽ ഇതുവരെ നൈജീരിയയിൽ മാത്രം 40,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തിട്ടുമുണ്ട്. സംഭവത്തെത്തുടർന്ന് നഗരത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി.
