Thursday, December 25, 2025

മസിൽ വേണോ ജീവൻ വേണോ?; ജിമ്മുകളിൽ ഹോർമോണും സ്റ്റെറോയിഡും, പൂട്ടിട്ട് ഹെൽത്ത് കാനഡ

വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലുള്ള ജിമ്മുകളിലും ഹെൽത്ത് സ്റ്റോറുകളിലും വൻതോതിൽ അനധികൃത മരുന്നുകൾ പിടിച്ചെടുത്ത് ഹെൽത്ത് കാനഡ. വൻകൂവറിലെ ‘റൈസ് ഫിറ്റ്‌നസ്’ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നാണ് കുത്തിവെപ്പിനായി ഉപയോഗിക്കുന്ന ഹോർമോണുകളും സ്റ്റെറോയിഡുകളും പിടികൂടിയത്. ഇവയുടെ സുരക്ഷയോ ഗുണനിലവാരമോ പരിശോധിച്ചിട്ടില്ലാത്തതിനാൽ കാനഡയിൽ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു.

ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനും കായികക്ഷമത കൂട്ടാനുമായി ഉപയോഗിക്കുന്ന ടെസ്റ്റോസ്റ്റിറോൺ സംയുക്തങ്ങളും പെപ്റ്റൈഡുകളുമാണ് പിടിച്ചെടുത്തവയിൽ പ്രധാനം. കടകൾക്ക് പുറമെ വെബ്‌സൈറ്റ് വഴിയും ഇവ വിറ്റിരുന്നു. അംഗീകാരമില്ലാത്ത ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ജീവന് തന്നെ ഭീഷണിയാണെന്നും, ലേബലിൽ ഇല്ലാത്ത മാരകമായ ചേരുവകൾ ഇവയിൽ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

അശാസ്ത്രീയമായ രീതിയിൽ മരുന്നുകൾ കുത്തിവെക്കുന്നത് വഴി ഗുരുതരമായ അണുബാധകൾക്കും അലർജികൾക്കും സാധ്യതയുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ചവർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ തോന്നിയാൽ ഡോക്ടറെ സമീപിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് കാനഡ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!