ഓട്ടവ: പ്രവിശ്യയിൽ പുതിയ ദൗത്യങ്ങളെക്കുറിച്ച് വിശദീകരിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവിനെ പരാജയപ്പെടുത്തിയ ലിബറൽ എംപി ബ്രൂസ് ഫാൻജോയ്. രണ്ട് പതിറ്റാണ്ടിലേറെയായി പൊളിയേവ് കൈവശം വെച്ചിരുന്ന കാർലെട്ടൺ റൈഡിങിൽ ജനങ്ങളുമായി നേരിട്ട് സംവദിച്ചതാണ് തന്റെ വിജയത്തിന് ആധാരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് വിജയം തന്റെ ദൗത്യത്തിന്റെ ആദ്യ ഘട്ടം മാത്രമാണെന്നും ഇനി ജനങ്ങളെ സേവിക്കാനുള്ള രണ്ടാം ഘട്ടത്തിലാണെന്നും ഫാൻജോയ് വ്യക്തമാക്കി. കഠിനമായ മഞ്ഞുകാലത്തും മണ്ഡലത്തിലുടനീളം കാൽനടയായി സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിയാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ജീവിതച്ചെലവ്, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾക്കുള്ള ആശങ്കകൾക്ക് പരിഹാരം കാണുന്നതിനാണ് മുൻഗണന നൽകുന്നതെന്നും സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ ക്രിയാത്മകമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ പൊളിയേവ് തന്റെ തോൽവിയിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നും കാർലെട്ടണെ അവഗണിച്ചതുപോലെ പുതിയ ഇടത്തെയും അദ്ദേഹം അവഗണിക്കുകയാണെന്നും ഫാൻജോയ് കുറ്റപ്പെടുത്തി. ജനസേവനം തന്റെ ജീവിതലക്ഷ്യമാണെന്നും വരും വർഷങ്ങളിൽ കാർലെട്ടണിലെ ജനങ്ങളുടെ ശക്തമായ ശബ്ദമായി പാർലമെന്റിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
