കീവ്: ക്രിസ്മസ് ദിനത്തിൽ യുക്രെയ്ൻ ജനതയെ അഭിസംബോധന ചെയ്യവേ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അന്ത്യത്തിനായി ആഗ്രഹിച്ച് പ്രസിഡന്റ് വ്ളാഡിമർ സെലൻസ്‌കി. ക്രിസ്മസ് രാത്രിയിൽ സ്വർഗ്ഗം തുറക്കുമെന്നും ആ നിമിഷം പ്രകടിപ്പിക്കുന്ന ആഗ്രഹങ്ങൾ സഫലമാകുമെന്നുമാണ് യുക്രേനിയൻ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.
ആഘോഷവേളയിൽ യുക്രെയ്നിലെ 15 മേഖലകളിലായി റഷ്യ 131 ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് കനത്ത ആക്രമണം നടത്തി. മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരുകയും ചെയ്തു. മിക്ക ഡ്രോണുകളും യുക്രെയ്ൻ പ്രതിരോധ സേന വെടിവെച്ചിട്ടെങ്കിലും ജനവാസ മേഖലകളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സമാധാന ചർച്ചകളെക്കുറിച്ച് സംസാരിക്കുമ്പോഴും റഷ്യ ആക്രമണം തുടരുന്നതിനെ സെലൻസ്‌കി അപലപിച്ചു.

യുദ്ധക്കളത്തിൽ സൈനികർക്കും അധിനിവേശം മൂലം പലായനം ചെയ്യേണ്ടി വന്നവർക്കും സെലൻസ്‌കി നന്ദി അറിയിച്ചു. രാജ്യം കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ ജനങ്ങൾ തോളോട് തോൾ ചേർന്ന് നിന്ന് ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ പരാജയപ്പെടില്ലെന്നും അധിനിവേശത്തെ അതിജീവിച്ച് രാജ്യം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
