ടൊറന്റോ: കിഴക്കൻ ടൊറന്റോയിലെ സ്കാർബ്റോയിലുള്ള കാർ ഡീലർഷിപ്പിന് നേരെ വ്യാഴാഴ്ച പുലർച്ചെ സാമൂഹ്യ വിരുദ്ധർ തീയിട്ടു. നാല് വാഹനങ്ങൾ തീപിടിത്തത്തിൽ ഭാഗികമായോ പൂർണ്ണമായോ നശിച്ചു. പുലർച്ചെ 1:30-ഓടെ ലോറൻസ് അവന്യൂ ഈസ്റ്റിലെ ഗുഡർഹാം ഡ്രൈവിന് സമീപമുള്ള ഡീലർഷിപ്പിലാണ് സംഭവം. പുലർച്ചെ ഒന്നരയോടെ വാഹനങ്ങൾക്ക് തീപിടിച്ചതായി അഗ്നിശമന സേനയ്ക്ക് വിവരം ലഭിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും നാല് വാഹനങ്ങളിലേക്ക് തീ പടർന്നിരുന്നു. വാഹനങ്ങൾക്ക് പുറമെ, സമീപത്തെ ഫെൻസുകളിലേക്കും തീ പടർന്നു. മുൻകരുതൽ നടപടിയായി ഡീലർഷിപ്പിന് തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു.

ബോധപൂർവ്വം ആരോ തീയിട്ടതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ടൊറന്റോ പോലീസും ഫയർ സർവീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. എവിടെ നിന്നാണ് തീ പടർന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ക്രിസ്മസ് ദിനത്തിൽ നടന്ന ഈ സംഭവം പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
