ഒക്ലാൻഡ് (കാലിഫോർണിയ): കാലിഫോർണിയയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരുടെ കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസുകൾ (CDL) റദ്ദാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ നിയമപോരാട്ടം. കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് മോട്ടോർ വെഹിക്കിൾസിന്റെ (DMV) ഈ നടപടി ഏകദേശം 20,000-ഓളം ഡ്രൈവർമാരുടെ ഉപജീവനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ‘സിഖ് കോയലിഷൻ’, ‘ഏഷ്യൻ ലോ കോക്കസ്’ എന്നീ സംഘടനകൾ സംയുക്തമായി ക്ലാസ്-ആക്ഷൻ ഹർജി ഫയൽ ചെയ്തത്. ഡ്രൈവർമാരുടെ വർക്ക് പെർമിറ്റ് കാലാവധിയേക്കാൾ കൂടുതൽ കാലത്തേക്ക് ലൈസൻസ് അനുവദിച്ചു എന്ന സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് ഡി.എം.വി ലൈസൻസുകൾ റദ്ദാക്കുന്നത്. 17,000-ത്തിലധികം പേർക്ക് ഇതിനോടകം നോട്ടീസ് ലഭിച്ചു. ജനുവരി 5-ഓടെ ലൈസൻസുകൾ അസാധുവാക്കാനാണ് സർക്കാർ തീരുമാനം. ലൈസൻസിലെ തീയതികളിൽ വന്ന മാറ്റം ഡി.എം.വി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും അതിന്റെ പേരിൽ ഡ്രൈവർമാരെ ശിക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ബാധിക്കപ്പെട്ടവരിൽ ഭൂരിഭാഗവും പഞ്ചാബി സിഖ് വംശജരായ ഇന്ത്യൻ ഡ്രൈവർമാരാണ്. അമേരിക്കയിലെ ട്രക്കിംഗ് മേഖലയിൽ വലിയൊരു ശതമാനം ഇവരാണ് കൈകാര്യം ചെയ്യുന്നത്.

അടുത്തിടെ ഫ്ലോറിഡയിലും കാലിഫോർണിയയിലും ഉണ്ടായ വാഹനാപകടങ്ങളെത്തുടർന്ന്, ഇമിഗ്രന്റ് ഡ്രൈവർമാരുടെ ലൈസൻസുകൾ കർശനമായി പരിശോധിക്കാൻ ട്രംപ് ഭരണകൂടം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പെട്ടെന്നുള്ള ഈ നടപടി. ലൈസൻസുകൾ റദ്ദാക്കുന്നത് വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്കും അമേരിക്കയിലെ വിതരണ ശൃംഖലയുടെ തകർച്ചയ്ക്കും കാരണമാകുമെന്ന് സിഖ് കോയലിഷൻ ലീഗൽ ഡയറക്ടർ മുന്മീത് കൗർ മുന്നറിയിപ്പ് നൽകി. പല ഡ്രൈവർമാരും തങ്ങളുടെ ട്രക്കുകൾക്കും വീടുകൾക്കുമായി വലിയ തുക ലോൺ എടുത്തിട്ടുള്ളവരാണ്. സർക്കാർ വരുത്തിയ പിഴവുകൾക്ക് സാധാരണക്കാരായ തൊഴിലാളികൾ വലിയ വില നൽകേണ്ടി വരുന്നത് നീതിയല്ല. കോടതി ഇടപെട്ട് ഈ നടപടി സ്റ്റേ ചെയ്യുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും സിഖ് കോയലിഷൻ വക്താവ് പറഞ്ഞു.
