ടൊറന്റോ: ഒന്റാരിയോയിലെ ഹൈവേ 416-ൽ ട്രക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഹണ്ട് ക്ലബ് റോഡിന് സമീപമായിരുന്നു വൈകീട്ട് നാലു മണിയോടെയാണ് അപകടം. ഡ്രെെവിംഗിൽ തുടക്കക്കാർക്ക് നൽകുന്ന ജി1 (G1) ലൈസൻസുമായി വാഹനം ഓടിച്ച യുവാവിനെതിരെ പോലീസ് നിരവധി കുറ്റങ്ങൾ ചുമത്തി. ഹൈവേയിലൂടെ പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവറും കൂടെയുണ്ടായിരുന്ന യാത്രക്കാരനും സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും
അധികം വൈകാതെ തന്നെ ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) ഇവരെ കണ്ടെത്തി. പരിശോധനയിൽ ഡ്രൈവർക്ക് ജി1 ലൈസൻസ് മാത്രമാണുള്ളതെന്ന് വ്യക്തമായി. അശ്രദ്ധമായി വാഹനം ഓടിച്ചതിനും (Careless driving) ലൈസൻസ് നിബന്ധനകൾ ലംഘിച്ചതിനും ഡ്രൈവർക്കെതിരെ കേസെടുത്തു.

490 ഡോളർ പിഴയും ഡ്രൈവിംഗ് ലൈസൻസിൽ നിന്ന് ആറ് ഡെമെറിറ്റ് പോയിന്റുകളും ഇയാൾക്ക് ശിക്ഷയായി ലഭിക്കും. കാനഡയിലെ നിയമപ്രകാരം ജി 1 ലൈസൻസുള്ളവർ പരിചയസമ്പന്നനായ മറ്റൊരു ഡ്രൈവറുടെ സാന്നിധ്യത്തിലല്ലാതെ വാഹനം ഓടിക്കാൻ പാടില്ല. കൂടാതെ ഹൈവേകളിൽ വാഹനം ഓടിക്കുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്. മഞ്ഞുവീഴ്ചയും തിരക്കും വർധിച്ച ക്രിസ്മസ് അവധി വേളയിൽ ഇത്തരം നിയമലംഘനങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
