കിങ്സ്റ്റൺ: സാങ്കേതിക തകരാറിനെത്തുടർന്ന് തടസ്സപ്പെട്ട വോൾഫ് ഐലൻഡ് ഫെറി സർവീസ് പുനരാരംഭിച്ചു. വാഹനങ്ങൾക്കും യാത്രക്കാർക്കുമായി ‘ആംഹെർസ്റ്റ് ഐലൻഡർ II എന്ന പകരക്കാരൻ കപ്പൽ സർവീസ് തുടങ്ങിയതോടെ ക്രിസ്മസ് വേളയിൽ ദ്വീപ് നിവാസികൾ അനുഭവിച്ച യാത്രാദുരിതത്തിന് താൽക്കാലിക ആശ്വാസമായി. ഒന്റാരിയോ ഗതാഗത മന്ത്രാലയമാണ് (MTO) ഈ വിവരം അറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വോൾഫ് ഐലൻഡിലെ ഏക യാത്രാമാർഗ്ഗമായ ‘വോൾഫ് ഐലൻഡർ IV’ സാങ്കേതിക തകരാറിനെത്തുടർന്ന് സർവീസ് നിർത്തിയത്. ഏകദേശം 1,600-ഓളം താമസക്കാരുള്ള ഈ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന ഏക വഴിയാണിത്. വാഹനങ്ങൾ കൂടി കൊണ്ടുപോകാൻ കഴിയുന്ന ആംഹെർസ്റ്റ് ഐലൻഡർ II ബുധനാഴ്ച വൈകുന്നേരത്തോടെ സർവീസ് ആരംഭിച്ചിരുന്നു. ഓരോ 80 മിനിറ്റ് കൂടുമ്പോഴാണ് ഈ കപ്പൽ സർവീസ് നടത്തുന്നത്. രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെയാണ് ഇതിന്റെ പ്രവർത്തന സമയം.

‘ക്വിന്റേ ലോയലിസ്റ്റ്’എന്ന മറ്റൊരു കപ്പൽ യാത്രക്കാർക്കായി മാത്രം സർവീസ് നടത്തുന്നുണ്ട്. പുലർച്ചെ 4:30 മുതൽ രാത്രി 2:15 വരെയാണ് ഇതിന്റെ സമയം. അതേ സമയം ‘ഫ്രോണ്ടനാക് II’ എന്ന കപ്പൽ സർവീസിന് എത്തിച്ചെങ്കിലും ഡോക്കിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം അത് ഉപയോഗിക്കാൻ സാധിച്ചില്ല. അവശ്യസാധനങ്ങൾ എത്തിക്കാനും ജോലിക്കും മറ്റുമായി കരയെ മാത്രം ആശ്രയിക്കുന്ന ദ്വീപ് നിവാസികൾക്ക് ഈ പ്രശ്നം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. സ്ഥിരമായി ഒരു ബാക്കപ്പ് ഫെറി കൂടി സർവീസിനായി വേണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കിയിട്ടുണ്ട്. പുതിയ ഇലക്ട്രിക് ഫെറി നേരിടുന്ന തുടർച്ചയായ തകരാറുകൾക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശവാസികൾക്കിടയിലുള്ളത്.
