തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെയാണ് പൊലീസ് കേസെടുത്തത്.സംഘർഷം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ ചിത്രം പങ്കുവച്ചെന്ന് ആരോപിച്ചാണ് കേസ്. പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ബന്ധം ഉണ്ടാകാൻ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

ഒരു എഐ ചിത്രം ഉൾപ്പെടെയുള്ള ഫോട്ടോകളാണ് ഇദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകണമെന്ന ലക്ഷ്യത്തോടെ പോസ്റ്റ് പങ്കുവെച്ചു എന്നാണ് ആരോപണം. ബിഎൻഎസ് 192, കെപിഎ 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും, പ്രചരിക്കുന്നത് എഐ ചിത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.
