ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (മാഗ്) ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളും 2026-ലേക്കുള്ള പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞാ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം അഞ്ചിന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടക്കും. മലയാളി മേയർമാർ, ജഡ്ജിമാർ, വിവിധ മത-സാമുദായിക നേതാക്കൾ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ
ക്രിസ്മസ് കരോൾ ഗാനമത്സരവും വിവിധ കലാവിരുന്നുകളും അരങ്ങേറും. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിക്കുന്നതോടൊപ്പം ചടങ്ങിൽ സംബന്ധിക്കുന്ന എല്ലാവർക്കും ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 13-ന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച റോയ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ‘ടീം യുണൈറ്റഡ്’ ഈ ചടങ്ങിൽ വെച്ച് ഔദ്യോഗികമായി അധികാരമേൽക്കും. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റോയി മാത്യുവിനൊപ്പം വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, അനില സന്ദീപ് തുടങ്ങി ഭരണസമിതിയിലേക്കും ട്രസ്റ്റി ബോർഡിലേക്കും തിരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. ട്രസ്റ്റി ബോർഡ് ചെയർമാൻ ജിമ്മി കുന്നശ്ശേരിയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.

സാമൂഹ്യ-സാംസ്കാരിക പ്രതിബദ്ധതയോടെ ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജോസ് കെ. ജോണിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധിയാണ് ഇതോടെ പൂർത്തിയാകുന്നത്. വർണ്ണാഭമായ ഈ ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തോടെ പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും.
