വാഷിങ്ടണ്‍: നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ISIS ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ ഭീകരർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾക്കുള്ള മറുപടിയായാണ് ഈ നടപടിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. നൈജീരിയൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് സൈന്യം നീങ്ങിയതെന്നും ട്രംപ് വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ആക്രമണ വിവരം പുറത്തുവിട്ടത്. ഭീകരർക്കെതിരെ നടത്തിയത് ‘പെർഫെക്റ്റ് സ്ട്രൈക്കുകൾ’ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തീവ്ര ഇസ്ലാമിക ഭീകരത വളരാൻ തന്റെ രാജ്യം അനുവദിക്കില്ലെന്നും, നിരപരാധികളെ കൊല്ലുന്നത് തുടർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം ഭീകരർക്ക് മുന്നറിയിപ്പ് നൽകി.

അമേരിക്ക ആക്രമണം നടത്തിയ കാര്യം നൈജീരിയൻ സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. അസാധാരണമായ രീതിയിൽ, കൊല്ലപ്പെട്ട തീവ്രവാദികൾ ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടാണ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. ആക്രമണത്തിൽ ഭീകരർക്കുണ്ടായ നാശനഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.
