കൊച്ചി: നിക്ഷേപത്തിന് സുരക്ഷിതത്വവും മികച്ച ലാഭവും ആഗ്രഹിക്കുന്നവർക്കായി നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (NSC) പദ്ധതിയുമായി പോസ്റ്റ് ഓഫീസ്. കേന്ദ്ര സർക്കാർ നേരിട്ട് നടപ്പിലാക്കുന്ന ഈ നിക്ഷേപ പദ്ധതി, ചെറുകിട-ഇടത്തരം വരുമാനക്കാർക്ക് സമ്പാദ്യത്തോടൊപ്പം നികുതി ലാഭിക്കാനുള്ള അവസരവും ഉറപ്പാക്കുന്നു. നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം ഒന്നര ലക്ഷം രൂപ വരെ ഇളവ് ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
നിലവിൽ 7.7 % വാർഷിക പലിശയാണ് എൻഎസ്സി വാഗ്ദാനം ചെയ്യുന്നത്. ചുരുങ്ങിയത് 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാമെങ്കിലും, നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. അഞ്ച് വർഷത്തെ കാലാവധിയുള്ള ഈ പദ്ധതിയിൽ പണം കൂട്ടുപലിശ രീതിയിലാണ് വളരുന്നത്. ഉദാഹരണത്തിന്, 25 ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് കാലാവധി പൂർത്തിയാകുമ്പോൾ 36.47 ലക്ഷം രൂപ തിരികെ ലഭിക്കും. പലിശ ഇനത്തിൽ മാത്രം 11.47 ലക്ഷം രൂപയുടെ ലാഭം ഇതിലൂടെ സ്വന്തമാക്കാം.

കെവൈസി (KYC) രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ആർക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. പ്രായപൂർത്തിയായവർക്ക് സ്വന്തം പേരിലോ കുട്ടികളുടെ പേരിലോ നിക്ഷേപം നടത്താം. അടിയന്തര സാഹചര്യങ്ങളിൽ എൻഎസ്സി സർട്ടിഫിക്കറ്റുകൾ ഈടായി നൽകി ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാനുള്ള സൗകര്യവും ലഭ്യമാണ്.
