ബെയ്ജിങ്: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തകർക്കാൻ ചൈന ശ്രമിക്കുന്നുവെന്ന ആരോപണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ബെയ്ജിങ്. ചൈനയുടെ പ്രതിരോധ നയങ്ങളെ തെറ്റായി ചിത്രീകരിക്കാനും രാജ്യങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ലോകത്തിന് മുന്നിൽ ചൈനയെ ഒരു ഭീഷണിയായി അവതരിപ്പിച്ച് സ്വന്തം സൈനിക മേധാവിത്വം നിലനിർത്താനുള്ള അമേരിക്കയുടെ തന്ത്രമാണിതെന്ന് ചൈന പ്രസ്താവിച്ചു.
ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈന ശ്രമിക്കുന്നത് അമേരിക്കയുമായുള്ള ഇന്ത്യയുടെ അടുപ്പം കുറയ്ക്കാനാണെന്ന വാദം ചൈന തള്ളി. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള കാര്യത്തിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്നും ബെയ്ജിങ് വ്യക്തമാക്കി. നിലവിൽ ഇന്ത്യയുമായുള്ള അതിർത്തി സാഹചര്യം സുസ്ഥിരമാണെന്നും ചൈനീസ് വക്താവ് കൂട്ടിച്ചേർത്തു.

പാക്കിസ്ഥാനിൽ ചൈന സൈനിക താവളം നിർമ്മിക്കാൻ ഒരുങ്ങുന്നു എന്ന പെന്റഗൺ റിപ്പോർട്ടിലെ പരാമർശത്തെയും ചൈനീസ് പ്രതിരോധ മന്ത്രാലയം രൂക്ഷമായി വിമർശിച്ചു. ചൈനയുടെ സാധാരണ സൈനിക നീക്കങ്ങളെപ്പോലും അമേരിക്ക ഭീഷണിയായി ചിത്രീകരിക്കുകയാണെന്നും ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ചൈന ആവശ്യപ്പെട്ടു. അനാവശ്യമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കി സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ അമേരിക്ക തയ്യാറാകണമെന്നും അവർ വ്യക്തമാക്കി.
