എഡ്മിന്‍റൻ : ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എഡ്മിന്‍റനിലെ നാല് ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയതായി ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) അറിയിച്ചു. ഗ്ലെൻറോസ് റീഹാബിലിറ്റേഷൻ ഹോസ്പിറ്റൽ, റോയൽ അലക്‌സാണ്ട്ര ഹോസ്പിറ്റൽ, സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റൽ, ആൽബർട്ട യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ എത്തുന്ന രോഗികളും സന്ദർശകരും മാസ്ക് ധരിക്കണം, എഎച്ച്എസ് നിർദ്ദേശിച്ചു. ക്രോസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലും മാക്സ് ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആൽബർട്ട ഹെൽത്ത് അതോറിറ്റി കൂട്ടിച്ചേർത്തു.

ആശുപത്രികളുടെ അത്യാഹിത വിഭാഗങ്ങളിലെ എല്ലാ രോഗികളും, സഹായികളും നിർബന്ധമായും മാസ്ക് ധരിക്കണം. ഇൻഫ്ലുവൻസ അടക്കമുള്ള ശ്വസന വൈറസുകൾ പടർന്നു പിടിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് മാസ്ക് ഉപയോഗം നിർബന്ധമാക്കിയതെന്ന് എഎച്ച്എസ് പറയുന്നു. ഡിസംബർ 14 നും 20 നും ഇടയിൽ പ്രവിശ്യയിൽ 2,762 പേർക്ക് ഇൻഫ്ലുവൻസ ബാധിച്ചിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും H3N2 വൈറസ് ബാധിച്ചവരാണ്.
