മൺട്രിയോൾ : നഗരത്തിന് വടക്കുകിഴക്കുള്ള ലാനോഡിയർ മേഖലയിലെ തടാകത്തിൽ ട്രാക്ടർ മുങ്ങി രണ്ടു പേർ മരിച്ചു. ബുധനാഴ്ച രാത്രി സെൻ്റ്-സെനോണിലാണ് സംഭവം. ട്രാക്ടർ ഉപയോഗിച്ച് തടാകത്തിന് ചുറ്റുമുള്ള പാതയിൽ നിന്ന് മഞ്ഞ് നീക്കം ചെയ്യുകയായിരുന്നു ഇരുവരും. വ്യാഴാഴ്ച രാവിലെ 11:30 ഓടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് സുറെറ്റെ ഡു കെബെക്ക് റിപ്പോർട്ട് ചെയ്തു.

ട്രാക്ടർ തടാകത്തിലേക്ക് വീഴുന്നത് കണ്ട കുടുംബാംഗമാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് അഗ്നിശമന സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരുടെ സംഘവും ബുധനാഴ്ച രാത്രി തിരച്ചിൽ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്‌ക്യു പറയുന്നു.
