അബുദാബി : സ്ക്രാപ്പ് മെറ്റൽ മേഖലയിലെ ‘വാറ്റ്’ നിയമത്തിൽ അടുത്ത മാസം മുതൽ പുതിയ മാറ്റം കൊണ്ടുവരാനൊരുങ്ങി യുഎഇ. 2026 ജനുവരി 14 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, രജിസ്റ്റർ ചെയ്ത ബിസിനസുകൾ തമ്മിലുള്ള സ്ക്രാപ്പ് ഇടപാടുകളിൽ ‘റിവേഴ്സ് ചാർജ്’ സംവിധാനമാണ് നടപ്പിലാക്കുന്നത്. ഇതോടെ, വാറ്റ് കണക്കാക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള ഉത്തരവാദിത്തം വിൽക്കുന്നയാളിൽ നിന്ന് വാങ്ങുന്നയാളിലേക്ക് മാറും.

നിലവിൽ വിൽക്കുന്നയാൾ ഉപഭോക്താവിൽ നിന്ന് വാറ്റ് ഈടാക്കി ടാക്സ് അതോറിറ്റിയിൽ അടയ്ക്കുന്ന രീതിയാണ് ഉള്ളത്. എന്നാൽ പുതിയ സംവിധാനത്തിൽ വിൽക്കുന്നയാൾ ഇൻവോയ്‌സിൽ വാറ്റ് ചേർക്കില്ല. പകരം, വാങ്ങുന്നയാൾ തന്നെ നികുതി തുക കണക്കാക്കി ടാക്സ് റിട്ടേണിൽ രേഖപ്പെടുത്തണം. സ്ക്രാപ്പ് മെറ്റൽ മേഖലയിലെ നികുതി തട്ടിപ്പുകൾ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് ധനകാര്യ മന്ത്രാലയം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്വർണ്ണം, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ നിലവിൽ ഈ സംവിധാനം വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.
