ലൊസാഞ്ചലസ്: പ്രശസ്ത അമേരിക്കൻ ടെലിവിഷൻ പരമ്പര ‘നെഡ്‌സ് ഡിക്ലാസിഫൈഡ് സ്‌കൂൾ സർവൈവൽ ഗൈഡി’ലൂടെ പ്രശസ്തനായ ടൈലർ ചേസിന്റെ തെരുവിൽ കഴിയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം. കാലിഫോർണിയയിലെ റിവർസൈഡിൽ നിസ്സഹായാവസ്ഥയിൽ കഴിയുന്ന ടൈലറുടെ വീഡിയോകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഈ വാർത്ത പുറത്തുവന്നത്. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി പരസ്പരബന്ധമില്ലാതെ സംസാരിക്കുന്ന നിലയിലായിരുന്നു താരം.
സഹതാരമായിരുന്ന ഡാനിയൽ കർട്ടിസ് ലീ ടൈലറെ സഹായിക്കാൻ നേരിട്ടെത്തിയിരുന്നു. താരത്തിന് ഭക്ഷണവും താമസിക്കാൻ മോട്ടൽ മുറിയും ലീ ഏർപ്പാടാക്കി നൽകി. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം ടൈലർ ആ മുറിയിലെ ഉപകരണങ്ങൾ നശിപ്പിച്ചതായി മോട്ടൽ അധികൃതർ അറിയിച്ചു. ഫ്രിഡ്ജും മൈക്രോവേവും ഉൾപ്പെടെയുള്ളവ തകർത്ത നിലയിലായിരുന്നു. ഡാനിയൽ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ, സഹായം എന്നതിലുപരി സ്വകാര്യത മാനിക്കണമായിരുന്നു എന്ന പേരിൽ വലിയ വിമർശനങ്ങളും ഉയർന്നു.

കഴിഞ്ഞ പത്ത് വർഷമായി ടൈലർ സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുകയാണെന്ന് അദ്ദേഹത്തിന്റെ കുടുംബം വെളിപ്പെടുത്തി. ടൈലറിന് വേണ്ടത് പണമല്ലെന്നും ശരിയായ ചികിത്സയാണ് എന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ പറഞ്ഞു. മുൻപ് പലതവണ നൽകിയ സഹായവാഗ്ദാനങ്ങളും ചികിത്സയും താരം നിരസിക്കുകയായിരുന്നു. ലോകമെങ്ങും ആരാധകരുണ്ടായിരുന്ന താരം ഇന്ന് മാനസികാരോഗ്യ പ്രതിസന്ധിയിൽപ്പെട്ട് തെരുവിൽ കഴിയുന്നത് ലോകത്തിന് വലിയൊരു നടുക്കമായിരിക്കുകയാണ്.
